‘എഡ്യു കെയർ പ്രോജക്ടു’മായി ഷെയർ ആൻഡ് കെയർ ലിംറിക്
Tuesday, August 30, 2016 7:05 AM IST
ലിംറിക്: അയർലൻഡിലെ മൺസ്റ്റർ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ലിംറിക്കിന്റെ ചാരിറ്റി വിഭാഗമായ ഷെയർ ആൻഡ് കെയർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുത്തൻ കാൽവയ്പുമായി പുതിയ തലങ്ങളിലേക്ക് കടക്കുന്നു.

ഒരു നിർധന കുടുംബത്തിലെ ഒരു കുട്ടിയുടെ പ്രഫഷണൽ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തുകൊണ്ട് ആ കുടുംബത്തിന് ഒരു വരുമാനമാർഗം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘എഡ്യു കെയർ പ്രോജക്ട്’ എന്ന പദ്ധതിക്ക് സംഘടന രൂപം നൽകിയത്.

വിവിധ പ്രഫഷണൽ കോഴ്സുകൾക്കു ചേരുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർഥികളിൽനിന്നു സംഘടനയുടെ അംഗങ്ങൾ വഴിയായി അപേക്ഷകൾ ക്ഷണിച്ചു യോഗ്യരായവരെ കണ്ടെത്തുന്ന കുട്ടിയെ എഡ്യു കെയർ സ്കോളർഷിപ്പ് പദ്ധതിയുടെ വിജയിയായി തിരഞ്ഞെടുക്കുകയും ചെയ്തു. പദ്ധതി വഴി ഈ വർഷം സ്കോളർഷിപ്പിനായി അർഹയായ അനു ജയ്സനു സംഘടനയ്ക്കുവേണ്ടി ലിസമ്മ രാജു സാമ്പത്തിക സഹായം വിതരണം ചെയ്തു.

മാരകരോഗങ്ങൾക്ക് അടിമയായി ഭീമമായ ചികിത്സച്ചെലവ് താങ്ങാനാവാതെ മരണത്തിനു കീഴടങ്ങുന്ന ഒരു ജനത ഇന്ന് ഏറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള രോഗികൾക്ക് ഷെയർ ആൻഡ് കെയർ ചികിത്സാ ചെലവിനു ഒരു വിഹിതം നൽകിപോരുന്നു. കേരളത്തിൽ മാരക രോഗം ബാധിച്ച അഞ്ചുപേർക്ക് മാസ തവണയായി 15,000 രൂപ സഹായമെത്തിക്കാനും ഷെയർ ആൻഡ് കെയറിനു കഴിയുന്നു. ഇത്തരത്തിൽ 98 അപേക്ഷകൾ പരിഗണിച്ച് സഹായമെത്തിക്കാൻ പ്രസ്‌ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.

ജാതിമത വ്യത്യാസമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന പ്രതിമാസ സംഭാവനയാണ് സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്. ലിംറിക്കിലും പ്രാന്തപ്രദേശങ്ങളിലുമായി ഏകദേശം 120 കുടുംബങ്ങൾ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: രാജു തുണ്ടത്തിൽ