മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആപ്തവാക്യവും ഔദ്യോഗിക മുദ്രയും പുറത്തിറങ്ങി
Tuesday, August 30, 2016 7:06 AM IST
ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ പ്രാർഥനയോടെ കാത്തിരിക്കുന്ന പ്രസ്റ്റൻ രൂപത സ്‌ഥാപനവും മെത്രാഭിഷേക ശുശ്രൂഷയുടെയും ദിനങ്ങൾ അടുത്തുവരുമ്പോൾ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ പുതിയ ശുശ്രൂഷയ്ക്കായി ആപ്തവാക്യം തിരഞ്ഞെടുത്തു.

പുതിയ നിയോഗത്തിനു ഏറ്റവും യോജിച്ചത് വിശുദ്ധ പൗലോസ് ശ്ലീഹ തീമോത്തിയോസിലെ സഭയ്ക്കെഴുതിയ രണ്ടാം ലേഖനം നാലാം അധ്യായം അഞ്ചാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഒരു ഭാഗം ‘സുവിശേഷകന്റെ ജോലി ചെയ്യുക’ എന്നതാണ്. ബ്രിട്ടനിലെ സാമൂഹ്യ രാഷ്ര്‌ടീയ പശ്ചാത്തലവും വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും വെളിച്ചത്തിലും രൂപകല്പന ചെയ്ത ഔദ്യോഗിക മുദ്രയും (ലോഗോ) പുറത്തിറങ്ങി.

മെത്രാൻ സ്‌ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ തങ്ങൾ സ്വീകരിക്കുന്ന ആദർശവാക്യത്തെ മുൻനിർത്തിയാണ് തങ്ങളുടെ മെത്രാനടുത്ത ശുശ്രൂഷകൾക്ക് രൂപം നൽകുന്നത്. ഈ ആദർശവാക്യങ്ങൾ എപ്പോഴും വിശുദ്ധ ഗ്രന്ഥത്തിലെ ഒരു ഭാഗമായിരിക്കും. ഈശോയും ശ്ലീഹന്മാരും ചെയ്ത ശുശ്രൂഷയുടെ തുടർച്ചയാണു തങ്ങളും ചെയ്യുന്നതെന്നു ഇതിലൂടെ അവർ ലോകത്തോട് പറയുന്നു. പുതുതായി രൂപകല്പന ചെയ്ത ലോഗോ നിലവിൽ വരുന്നതോടെ രൂപതയിൽനിന്ന് ഔദ്യോഗികമായി നൽകപ്പെടുന്ന എല്ലാ ഉത്തരവുകളിലും മറ്റും ഈ പുതിയ മുദ്ര ഔദ്യോഗികമായി ചാർത്തപ്പെടും.

ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിലാണ് മെത്രാഭിഷേക ശുശ്രൂഷകളും പ്രസ്റ്റൺ രൂപതയുടെ സ്‌ഥാപനവും നടക്കുക. യുകെയുടെ വിവിധ സ്‌ഥലങ്ങളിൽനിന്നുൾപ്പെടെ അനേകായിരം വിശ്വാസികൾ എത്തിച്ചേരുന്ന ഈ ചടങ്ങുകൾ ഏറെ മനോഹരമാക്കുന്നതിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തങ്ങൾ നടന്നു വരുന്നു. വിവിധ സീറോ മലബാർ കുർബാന കേന്ദ്രങ്ങളിൽനിന്നും ഇടവകങ്ങളിൽ നിന്നും കുടുംബ യൂണിറ്റുകളിൽനിന്നും ഒരുമിച്ചു വാഹനങ്ങളിൽ പ്രസ്റ്റണിൽ എത്തിചേരുവാനുൾപ്പെടെയുള്ള ക്രമീകരണങ്ങളും കുടുംബാംങ്ങളും കൂട്ടായ്മകളും പ്രാർഥനകൾ ചൊല്ലി ഒരുക്കങ്ങൾ നടത്തുമ്പോൾ വിശ്വാസികൾക്ക് ഏറ്റവും അനുഗ്രഹപ്രദമായും ഓർമയിൽ തങ്ങി നിൽക്കുന്നതുമായ രീതിയിൽ ചടങ്ങുകൾ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ആഘോഷങ്ങളുടെ ജനറൽ കൺവീനർ സീറോ മലബാർ കോഓർഡിനേറ്റർ ഫാ. തോമസ് പാറയടിൽ, ജോയിന്റ് കൺവീനർ ഫാ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ നേതൃത്വത്തിൽ സീറോ മലബാർ ചാപ്ലെയിൻമാരും അല്മായ പ്രധിനിതികളുമുൾപ്പെടുന്ന ആഘോഷ കമ്മിറ്റി എന്ന് മീഡിയ കോ–ഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ