ഷ്വൈൻസ്റ്റൈഗറുടെ പിൻഗാമിയെ വ്യാഴാഴ്ച അറിയാം
Tuesday, August 30, 2016 8:14 AM IST
ബർലിൻ: ജർമൻ ദേശീയ ഫുട്ബോൾ നായകസ്‌ഥാനം ഒഴിഞ്ഞ ബാസ്റ്റ്യാൻ ഷ്വൈൻസ്റ്റൈഗറുടെ പിൻഗാമിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ജർമൻ ടീം കോച്ച് ജോവാഹിം ലോവ് ഡ്യൂസൽഡോർഫിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച മൊൻഷൻഗ്ളാഡ്ബാഹിൽ ജർമനിയും ഫിൻലാന്റും തമ്മിലുള്ള സൗഹൃദ മൽസരമായിരിക്കും ഷ്വൈനിയുടെ അവസാനത്തെ രാജ്യാന്തര മൽസരം. ഇതോടെ 121 രാജ്യാന്തരമൽസരങ്ങളിൽ ജർമനിക്കുവേണ്ടി കുപ്പായമണിയുന്ന താരമെന്ന ബഹുമതിയും ഷ്വൈനിക്കു സ്വന്തം. ജർമനിയുടെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡറായ ഷ്വൈനിയുടെ നേതൃത്വത്തിലാണ് യൂവേഫ കപ്പിൽ മൽസരത്തിനിറങ്ങിയത്. സെമിഫൈനലിൽ ജർമനി ഏകപക്ഷീയമായ രണ്ടു ഗോളിന് ഫ്രാൻസിനോട് തോറ്റത് നിലവിലെ ലോകചാമ്പ്യന്മാരായ ജർമനിക്കേറ്റ കനത്ത പ്രഹരമായിമായിരുന്നു ജർമനിയുടെ ദേശീയ ടീമിൽ കഴിഞ്ഞ 12 വർഷമായി മധ്യനിരയിൽ കളിക്കുന്ന ഷ്വൈനി 2014 ലാണ് ജർമൻ ഫുട്ബോൾ ടീമിന്റെ നായകസ്‌ഥാനം ഏറ്റെടുത്തത്.

തന്ത്രങ്ങളുടെ രാജാവായ ലോവിന്റെ ടീമിനെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടും വെളിവായിരിക്കുകയാണ്. പുതുമുഖങ്ങൾക്കും പുതുരക്‌തത്തിനും വഴിയൊരുക്കുന്ന ലോവ് പുതിയ ടീമിൽ റിയോ ഒളിമ്പിക്സിൽ സ്വർണത്തിനുവേണ്ടി പൊരുതി ഒടുവിൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗങ്ങളായ ജൂലിയാൻ ബ്രാൻഡ്, മാക്സ് മയർ, നിക്ളാസ് സ്യൂലെ എന്നിവരെ പുതിയ ദേശീയ ടീമിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവിലെ ടീം കൗൺസിൽ അംഗങ്ങളായ മാനുവൽ നൊയർ, മാറ്റ് ഹുമ്മൽസ്, തോമസ് മ്യൂളർ, സെമി ഖേദീര എന്നിവർക്കു പുറമെ ഷ്വൈനിക്കു പകരക്കാരനായി റയാൽ മാഡ്രിഡ് താരം ടോണി ക്രൂസിനെയും കൗൺസിൽ അംഗമായി ചേർത്തിട്ടുണ്ട്. പിൻഗാമി ആരാണെന്നുള്ള കാര്യം രഹസ്യമാണെങ്കിലും ഗോൾ കീപ്പർ മാനുവൽ നൊയറിനാണ് കൂടുതൽ സാധ്യത.

ഷ്വൈനിക്കു പിന്നാലെ ഫോർവേർഡ് താരം ലൂക്കാസ് പൊഡോൾക്കിയും ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ