ഇന്ത്യയിൽ വിദേശികൾക്ക് സ്‌ഥിരതാമസം നൽകും
Monday, September 5, 2016 6:52 AM IST
ഫ്രാങ്ക്ഫർട്ട്–ഡൽഹി: ഇന്ത്യയിൽ സ്‌ഥിരതാമസത്തിന് പത്ത് കോടി നിക്ഷേപിക്കുന്ന വിദേശികൾക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇങ്ങനെ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ സ്വത്ത് വാങ്ങാനും വിൽക്കാനും അനുമതിയുണ്ടാകും. ഇവരുടെ കുടുംബാംഗങ്ങൾക്ക് വീസ ചട്ടങ്ങൾ ലഘൂകരിക്കാനും ഇന്ത്യൻ സ്വകാര്യ മേഖലയിൽ ജോലി നേടാനും മറ്റ് ആനുകൂല്യങ്ങൾക്കും അവസരമുണ്ടാക്കുന്ന തരത്തിലുള്ള നയമാണ് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച കാബിനറ്റ് യോഗത്തിന്റെ തീരുമാനം ധനമന്ത്രി അരുൺ ജയ്റ്റലിയാണ് അറിയിച്ചത്. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലേയ്ക്ക് ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ചുമാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. 10 വർഷത്തേയ്ക്കായിരിക്കും അനുമതി നൽകുക. ഇതിനുശേഷം പുതുക്കേണ്ടി വരും. താമസ അനുമതി ലഭിച്ച് 18 മാസങ്ങൾക്കുള്ളിൽ നിക്ഷേപം ഇന്ത്യയിൽ നടത്തണം. കുറഞ്ഞത് 20 പേർക്കെങ്കിലും ജോലി ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപം വേണമെന്ന നിബന്ധനയുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് ഇക്കാര്യത്തിൽ വിദേശ പൗരന്മാരെ പ്രോത്സാഹിപ്പാൻ കഴിയണമെന്നും സർക്കാർ നയത്തിൽ പറയുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ