കൽബുർഗി കേസ്: കുടുംബാംഗങ്ങൾ ആഭ്യന്തരമന്ത്രിയെ കണ്ടു
Tuesday, September 13, 2016 4:37 AM IST
ബംഗളൂരു: കന്നഡ പുരോഗമന സാഹിത്യകാരൻ ഡോ. എം.എം. കൽബുർഗിയുടെ കൊലപാതകത്തിൽ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ പ്രതികളെ വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സാഹിത്യകാരന്മാരും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തി. കൽബുർഗിയുടെ മകൻ ശ്രീവിജയനൊപ്പം സാഹിത്യകാരന്മാരായ ബർഗു രാമചന്ദ്രപ്പ, മരളു സിദ്ധപ്പ, ചന്ദ്രശേഖർ പാട്ടീൽ എന്നിവരാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനല്കി.

മഹാരാഷ്ര്‌ടയിൽ ഇടതു ചിന്തകരായ നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവർ കൊല്ലപ്പെട്ടതിനു സമാനമായ രീതിയിലാണ് കൽബുർഗി കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ ഒരേ പ്രതികളാണ് കൊലകൾക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐ കർണാടക സിഐഡി അന്വേഷണസംഘത്തിൽ നിന്നു ശേഖരിച്ചിരുന്നു. മഹാരാഷ്ര്‌ടയിലെ സനാതൻ സൻസ്‌ഥ എന്ന തീവ്ര ഹിന്ദു സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

അതേസമയം, കേസിൽ മഹാരാഷ്ര്‌ടയിൽ അറസ്റ്റിലായ സനാതൻ സൻസ്‌ഥ പ്രവർത്തകൻ ഡോ. വീരേന്ദ്ര തവാഡയെ കർണാടക സിഐഡി സംഘം ചോദ്യംചെയ്യും. പൂനെയിൽ നരേന്ദ്ര ധാബോൽക്കറിന്റെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം അടുത്തിടെയാണ് തവാഡയെ അറസ്റ്റ് ചെയ്തത്. കൽബുർഗിയുടെ കൊലപാതകത്തിൽ തവാഡയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി സിഐഡി സംഘം മഹാരാഷ്ര്‌ടയിലേക്കു പോകും.