തെറ്റുപറ്റി എന്ന് ചാൻസലർ മെർക്കൽ
Tuesday, September 20, 2016 8:14 AM IST
ബർലിൻ: അദ്ഭൂതപൂർവമായ അഭയാർഥി പ്രവാഹത്തെ നേരിടാൻ കഴിഞ്ഞ വർഷം ജർമനി മതിയായ തയാറെടുപ്പുകൾ നടത്തിയിരുന്നില്ലെന്ന് ചാൻസലർ ആംഗല മെർക്കൽ. എന്നാൽ, അത്തരം കലുഷിതമായ അന്തരീക്ഷം ഇനി ആവർത്തിക്കില്ലെന്നും അവർ ഉറപ്പു നൽകി. ബർലിൻ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് മെർക്കലിന്റെ കുറ്റസമ്മതം.

തോൽവിയെ തുടർന്നു നടത്തിയ പത്രസമ്മേളനത്തിൽ തന്റെ അഭയാർഥി നയത്തിൽ തനിക്കു തെറ്റു പറ്റിയതായും തെരഞ്ഞെടുപ്പു പരാജയം തന്റെ തെറ്റുകൊണ്ടാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും തെറ്റു സംഭവിച്ചതിൽ ഖേദിക്കുന്നതായും മെർക്കൽ പറഞ്ഞു. ഇതിനിടെ, പത്തു ലക്ഷത്തോളം അഭയാർഥികളെ സ്വീകരിക്കാനുള്ള തീരുമാനം രാഷ്ര്‌ടീയവും ധാർമികവുമായിരുന്നു എന്നു സ്‌ഥാപിച്ച് ന്യായീകരണങ്ങൾ നിരത്താനും അവർ ശ്രദ്ധിച്ചു.

രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ പ്രാദേശിക തെരഞ്ഞെടുപ്പിലാണ് മെർക്കലിന്റെ സിഡിയു വൻ തിരിച്ചടി നേരിടുന്നത്. ഇതിനു പ്രധാന കാരണം ഉദാരമായ അഭയാർഥി നയം തന്നെ എന്ന എതിരാളികളുടെ വിമർശനം അംഗീകരിക്കുന്ന രീതിയിലാണ് മെർക്കലിന്റെ ഏറ്റവും പുതിയ പ്രതികരണങ്ങൾ. അടുത്തിടെ നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിലും മെർക്കലും പാർട്ടിയും ദയനീയമായി തോൽവി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് മെർക്കലിന്റെ ഏറ്റുപറച്ചിൽ എന്നതും ശ്രദ്ധേയം.

അഭയാർഥി വിരുദ്ധ പ്രചാരണവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എഎഫ്ഡി ബർലിൻ തെരഞ്ഞെടുപ്പിൽ 14 ശതമാനം വോട്ട് നേടി. സിഡിയുവിന് കിട്ടിയ 18 ശതമാനം. ഇത് യുദ്ധാനന്തര കാലത്ത് അവർക്കു കിട്ടിയ ഏറ്റവും കുറവു വോട്ട് വിഹിതമാണ്. സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 22 ശതമാനമാണ് കിട്ടിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ