ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ക്നാനായ ഇടവകകൾ അനിവാര്യം: മാർ ജോസഫ് സ്രാമ്പിക്കൽ
Sunday, October 2, 2016 3:20 AM IST
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ കൂടുതൽ ക്നാനായ ഇടവകകൾ ഉണ്ടാകണമെന്ന് നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ. പ്രഥമ ക്നാനായ ചാപ്ലെയിൻസി തിരുനാളിനോടനുബന്ധിച്ചുള്ള വചനസന്ദേശമധ്യേ ആണു മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടത്. സീറോ മലബാർ സഭയിലെ ശക്‌തമായ വിഭാഗമായ ക്നാനായ സമുദായം സീറോ മലബാർ സഭയുടെ ശക്‌തമായ വളർച്ചയ്ക്കു നിസ്തുലമായ സംഭാവന നൽകിയിട്ടുണ്ടെന്നും തുടർന്നും സഭയുടെ വളർച്ചയ്ക്കു നിസ്തുല സംഭാവനകൾ സാധ്യമാകട്ടെ എന്നും ആശംസിക്കുന്നു– പിതാവ് പറഞ്ഞു.

ദൈവഹിതം അനുസരിക്കാത്തവർക്കു സഭയുടെ അംഗമായിരിക്കാൻ സാധിക്കില്ലെന്നും, പരിശുദ്ധ അമ്മ ഉയർന്നു നിൽക്കുമ്പോൾ വിഘടനവാദികളും തിന്മയുടെ ശക്‌തികളും ചിതറിപ്പോകുമെന്നും, വിശ്വാസത്തിൽ കുറവു സംഭവിക്കുമ്പോഴാണ് കുടുംബത്തിൽ അസ്വസ്‌ഥതകളും പാളിച്ചകളും സംഭവിക്കുന്നതെന്നും, കോട്ടയം അതിരൂപതയ്ക്കു ലഭിച്ച ഭാഗ്യമാണ് ബനഡിക്ടൻ സന്യാസജീവിതം നയിക്കുന്ന മാർ മാത്യു മൂലക്കാട്ട് എന്നും മാർ സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു.

ഒക്ടോബർ ഒമ്പതിനു നടത്തപ്പെടുന്ന രൂപതാസ്‌ഥാപനത്തിനും മെത്രാഭിഷേകത്തിനും എല്ലാവരുടേയും സാന്നിധ്യ സഹകരണവും പ്രാർഥനാ സഹകരണവും മാർ സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.



സഭയോടു ചേർന്നുള്ള യുകെകെസിഎയുടെ പ്രവർത്തനം ൾാഘനീയം: മാർ മാത്യു മൂലക്കാട്ട്

സഭാ–സമുദായ മക്കൾ എന്ന നിലയിൽ സഭയോടു ചേർന്നു പ്രവർത്തിക്കുന്ന യുകെകെസിഎയുടെ പ്രവർത്തനങ്ങൾ ൾാഘനീയമാണെന്നു മാർ മാത്യു മൂലക്കാട്ട്. പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവെയാണ് മാർ മൂലക്കാട്ട് അഭിപായപ്പെട്ടത്.

ദൈവീക പദ്ധതിയനുസരിച്ചാണ് ക്നാനായ സമുദായം യുകെയിൽ എത്തിയതെന്നും, ലോകമെങ്ങുമുള്ള ക്നാനായ സമുദായത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഷ്രൂസ്ബെറി മെത്രാൻ മാർ മാർക്ക് ഡേവിഡ് പറഞ്ഞു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം