കേരളസമാജം ഫ്രാങ്ക്ഫർട്ട് സ്വീകരണം നൽകി
Saturday, October 22, 2016 5:49 AM IST
ഫ്രാങ്ക്ഫർട്ട്: തിരൂർ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.കെ ജയകുമാർ ഐഎഎസ്, മലയാള നോവൽ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവൻ എന്നിവർക്ക് കേരളസമാജം ഫ്രാങ്ക്ഫർട്ട് സ്വീകരണം നൽകി. ബോൺഹൈമിലെ സാൽബൗ ഹാളിൽ നടന്ന സ്വീകരണയോഗത്തിൽ നാട്ടിൻപുറത്തെ സ്കൂളിൽ പഠിച്ച് അവിടുത്തെ വായനശാലകളിലൂടെ വായിച്ച് വളർന്ന സഹചര്യങ്ങളാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് സേതുമാധവൻ അനുസ്മരിച്ചു. വായനക്കാരന്റെ മനോഗതത്തിനനുസരിച്ച് വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമാണ് തന്റെ സൃഷ്‌ടികളുടെ പ്രത്യേകത. ഇന്ത്യയിലും വിദേശങ്ങളിലുമായി നടത്തിയ യാത്രകൾ തന്റെ സർഗാത്മക വീക്ഷണങ്ങളെ വിശാലമാക്കി. ഇന്ത്യൻ സാഹിത്യത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ നമ്മുടെ സർക്കാരുകൾ എടുക്കുന്ന ശ്രമങ്ങൾ അപര്യാപ്തമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലയാളത്തെ പരിപോഷിപ്പിക്കണനയി മലയാളം യൂണിവേസിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ഹൃസ്വമായി വിവരിച്ചു.

തടവറയിൽ അകപ്പെടാത്ത ആത്മാവിഷ്കാര സ്വാതന്ത്ര്യമാണ് സേതുവിനെ വലിയ എഴുത്തുകാരനാക്കി മാറ്റിയതെന്നും കാലത്തിനതീതമാണ് അദ്ദേഹത്തിന്റെ സൃഷ്‌ടികൾ എന്ന് ഡോ. ജയകുമാർ പറഞ്ഞു.

നവ വിദ്യാഭ്യാസത്തിൽ മലയാള ഭാഷയുടെ സ്‌ഥാനം, ആശയ പ്രത്യയ ശാസ്ത്രങ്ങൾ സാഹിത്യത്തെ എങ്ങനെ സ്വാധീനിക്കുന്നു, മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുവാനായിട്ടുള്ള മലയാളം യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധിയായ ചോദ്യങ്ങളോട് ഡോ. ജയകുമാറും സേതുമാധവനും മറുപടി പറഞ്ഞു.

ചടങ്ങിൽ സമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ്, മാത്യു ജോസഫ്, പ്രഫ. അന്നക്കുട്ടി ഫിൻഡൈസ്, ജോസ് പുന്നാംപറമ്പിൽ, എഡ്വേർഡ് നാസ്രത്ത്, ജോസ്കുമാർ ചോലങ്കേരി തുടങ്ങിയവർ സംസാരിച്ചു. കേരളം സമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ് പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ