സീറോ മലബാർ കാത്തലിക് ചർച്ച് അയർലഡിന് രണ്ട് ചാപ്ലിൻമാർ
Wednesday, October 26, 2016 7:03 AM IST
ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ ചാപ്ലെയൻസി പത്താം വർഷം ആചരിക്കുന്ന ഈ അവസരത്തിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു. Ardagh & Clonmacnois രൂപതയിലെ St. Mel’s Cathedral, Longford ൽ സേവനം ചെയ്യാൻ കേരളത്തിലെ എംസിബിഎസ് മിഷനറി സഭാംഗമായ ഫാ. റെജി കുര്യനെ ബിഷപ് ഫ്രാൻസിസ് ഡഫി നിയമിച്ചു.

ലോംഗ്ഫോഡ് ഏരിയയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകൾ നിറവേറ്റുക എന്ന ദൗത്യമാണ് ഏൽപ്പിച്ചിരിക്കുന്നത്. പാലാ രൂപതയിലെ മാൻവെട്ടം ഇടവകാംഗമായ ഫാ. റെജി, എംസിബിഎസ് സഭയുടെ പൂന സോളാപ്പൂർ സെന്റ് ജോസഫ് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരവേയാണ് പുതിയ നിയമനം.

ലിമറിക് രൂപതയിലെ ചാപ്ലിൻ ആയാണ് ഫാ. റോബിൻ തോമസിനെ Bishop Brendan Leahy നിയമിച്ചിരിക്കുന്നത്. ലിമറിക് ഏരിയയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകൾ നിറവേറ്റുക എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പിള്ളി സ്വദേശി ആയ ഫാ. റോബിൻ, തക്കല സീറോ മലബാർ രൂപതയിൽ സേവനം ചെയ്തുവരവേ ആണ് പുതിയ നിയമനം.

പുതിയ ചാപ്ലിന്മാർക്ക് എല്ലാവിധ ആശംസകളും നേരുന്നതായി അയർലൻഡ് സീറോ മലബാർ കോഓർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ