രജോയി വീണ്ടും സ്പാനിഷ് പ്രധാനമന്ത്രി
Monday, October 31, 2016 8:31 AM IST
മാഡ്രിഡ്: സ്പെയിനിൽ മരിയാനൊ രജോയിക്ക് വീണ്ടും പ്രധാനമന്ത്രിയായി അംഗീകാരം. 10 മാസത്തെ രാഷ്ര്‌ടീയ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞദിവസം സമ്മേളിച്ച പാർലമെന്റ് വോട്ടെടുപ്പിലൂടെയാണ് രജോയിക്ക് അംഗീകാരം നൽകിയത്.

യാഥാസ്‌ഥിതിക പീപ്പിൾസ് പാർട്ടി (പിപി) നേതാവായ രജോയിക്ക് 350 അംഗ പാർലമെന്റിൽ 170 അനുകൂല വോട്ടുകൾ ലഭിച്ചു. 111 പേർ എതിർത്തു. 68 അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള സോഷ്യലിസ്റ്റ് കക്ഷിയുടെ തീരുമാനമാണ് തൂക്കുസഭയിൽ രജോയിയുടെ വിജയം ഉറപ്പിച്ചത്.

പൊതുചെലവ് ഗണ്യമായി വെട്ടിച്ചുരുക്കി സാമ്പത്തിക കാർക്കശ്യത്തിന്റെ പേരിൽ ജനപ്രീതി നഷ്‌ടപ്പെട്ട അവസ്‌ഥയിലായിരുന്നു രജോയി. ഡിസംബറിലും ജൂണിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിയെ കണ്ടത്തൊനാകാതെ രാഷ്ര്‌ടീയഭരണമേഖലകൾ സ്തംഭിച്ചതിനാൽ രജോയിക്ക് ലഭിച്ച പുതിയ അംഗീകാരം പ്രത്യാശജനകമാണെന്ന് പീപ്പിൾസ് പാർട്ടി വിലയിരുത്തി.

അതേസമയം, സാമ്പത്തിക കർക്കശവാദിയായ രജോയിയുടെ സർക്കാർ രാജ്യത്ത് കൂടുതൽ പ്രതിസന്ധികൾ സൃഷ്‌ടിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ