ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: നാലുപേരെ റിമാൻഡ് ചെയ്തു
Thursday, November 3, 2016 8:07 AM IST
ബംഗളൂരു: ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജെ.സി നഗർ സ്വദേശി സാദിഖ്, ആർടി നഗർ സ്വദേശി മുജീബുള്ള, ഓസ്റ്റിൻ ടൗൺ സ്വദേശി വാസിം അഹമ്മദ്, ഗോവിന്ദപുര സ്വദേശി ഇർഫാൻ പാഷ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി ബംഗളൂരു പോലീസ് അറിയിച്ചു.

ഒക്ടോബർ 16ന് രാവിലെ ശിവാജിനഗർ കാമരാജ് റോഡിൽ വച്ചാണ് രുദ്രേഷ്(35) കൊലചെയ്യപ്പെട്ടത്. ആർഎസ്എസിന്റെ മാർച്ചിൽ പങ്കെടുത്ത ശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന രുദ്രേഷിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ നാലുപേർ പിടിയിലാകുകയായിരുന്നു.

കൊലപാതകത്തിനു ശേഷം പ്രതികൾ സഞ്ജയ് നഗറിലെ ഒരു വീട്ടിലേക്കാണ് പോയത്. വസ്ത്രങ്ങൾ മാറിയ ശേഷം ഏതാനും മണിക്കൂറുകൾക്കു ശേഷം സ്‌ഥിതിഗതികൾ നിരീക്ഷിക്കാനായി ഇവർ സംഭവസ്‌ഥലത്ത് തിരിച്ചെത്തിയിരുന്നുവെന്നും ചോദ്യംചെയ്യലിൽ തെളിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംഭവസ്‌ഥലത്തിനു സമീപത്തെ ഓവുചാലിൽ ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നല്കി. ഇവയ്ക്കായുള്ള തിരച്ചിലിലാണ് പോലീസ്. രാഷ്ര്‌ടീയലക്ഷ്യമല്ല, സ്വകാര്യ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ചോദ്യംചെയ്യലിൽ വ്യക്‌തമായത്.