ഇന്ത്യൻ പാസ്പോർട്ട് ഫീസ് വർധിപ്പിക്കുന്നു
Friday, November 4, 2016 8:00 AM IST
ഫ്രാങ്ക്ഫർട്ട്–ഡൽഹി: ഇന്ത്യൻ പാസ്പോർട്ട്, ലൈസൻസ്, രജിസ്ട്രേഷൻ, കേന്ദ്ര സർവീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകൾ എന്നിവ കൂട്ടാൻ ഇന്ത്യൻ ധനമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ബജറ്റിന് മുമ്പായി നടത്തിയ യോഗത്തിലാണ് പുതിയ തീരുമാനം. ധനമന്ത്രാലയം ഏറ്റെടുത്ത പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടിയുള്ള ചെലവുകൾ കണ്ടെത്തുകയാണ് തീരുമാനത്തിനു പിന്നിൽ.

സ്വയം ഭരണാധികാരമുള്ള സ്‌ഥാപനങ്ങൾ സാമ്പത്തിക ചുമതല സ്വയം നിർവഹിക്കണമെന്നും സർക്കാർ സബ്സിഡി അധികകാലം നൽകാൻ കഴിയില്ലെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജമാലന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു. നിലവിൽ സിവിൽ സർവീസ് പരീക്ഷക്ക് ഈടാക്കുന്നത് 100 രൂപ ചാർജ് ഉൾപ്പെടെ ഉയർത്താനാണ് തീരുമാനം. സബ്സിഡി നൽകുന്ന റെയിൽവേ സേവനങ്ങളുടെയും ഫീസ് ഉയർത്താൻ ആലോചിക്കുന്നു. 2012 ലാണ് പാസ്പോർട്ട് സർവീസിന്റെ ചാർജ് കഴിഞ്ഞ തവണ കൂട്ടിയത്.

നിലവിലെ തുകയായ ആയിരം രൂപയിൽ നിന്നും 1500 ആക്കാനാണ് തീരുമാനം. വിദേശ രാജ്യങ്ങളിൽ കറൻസി എക്സ്ചേഞ്ച് അനുസരിച്ച് അതാത് രാജ്യത്തെ കറൻസിയും സർവീസ് ചാർജും ഈടാക്കും. പുതിയ പാസ്പോർട്ടുകൾക്കും പുതുക്കുന്നതിനും കൂടിയ ഫീസ് നൽകണം.

റിപ്പോർട്ട്: ജോർജ് ജോൺ