എക്യുമെനിക്കൽ ബൈബിൾ കലോൽസവം വർണാഭമായി
Saturday, November 5, 2016 5:34 AM IST
ഫിലഡൽഫിയ: കുട്ടികളിൽ ചെറുപ്രായത്തിൽ ക്രൈസ്തവവിശ്വാസവും സഭാപഠനങ്ങളും കൂദാശാധിഷ്ഠിതജീവിതവും മാനുഷികമൂല്യങ്ങളും പ്രകൃതിസ്നേഹവും ബൈബിൾ അധിഷ്ഠിതമായ അറിവും കലാമത്സരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും എങ്ങനെ നൽകാം എന്നതിന്റെ ഭാഗമായി എക്യുമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ കുട്ടികൾക്കായി ബൈബിൾ കലോത്സവം എന്നപേരിൽ നടത്തിയ ടാലന്റ് ഫെസ്റ്റിന് വർണാഭമായ സമാപനം.

ഒക്ടോബർ 22ന് സീറോ മലബാർ ഓഡിറ്റോറിയത്തിൽ വികാരി ഫാ. ജോണികുട്ടി ജോർജ് പുലിശേരി രണ്ടാമത് ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തു. 21 ദേവാലയങ്ങളിൽ നിന്നുള്ള നൂറൽ പരം കൊച്ചുകലാകാരന്മാരും കലാകാരികളുമാണ് മത്സരത്തിൽ മാറ്റുരച്ചത്. പ്രീകെ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ബൈബിൾ ക്വിസ് മുതൽ വാട്ടർകളർ പെയിന്റിംഗ് വരെയുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. ഏഴ് സ്റ്റേജുകളിലായി ക്രമീകരിച്ച മൽസരങ്ങളിൽ വ്യക്‌തിഗത വിഭാഗത്തിൽ പ്രസംഗം, ഗാനാലാപനം, പെയിന്റിംഗ് (വാട്ടർ കളർ ആൻഡ് പെൻസിൽ ഡ്രോയിംഗ്) എന്നിവയും ഗ്രൂപ് വിഭാഗത്തിൽ ബൈബിൾ ക്വിസ്, സോംഗ് എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ഗ്രേഡ് ലവൽ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ടാലന്റ് ഫെസ്റ്റിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

സ്റ്റേജിതര മൽസരങ്ങളായ കളറിംഗ്, പെയിന്റിംഗ്, പെൻസിൽ സ്കെച്ചിംഗ് എന്നിവയിൽ ക്രയോൺസും കളർ പെൻസിലും വാട്ടർകളറും ഉപയോഗിച്ച് കുട്ടികൾ ക്യാൻവാസിൽ ചിത്രങ്ങൾ പകർത്തി. മൽസരത്തിൽ വിജയിച്ച എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

ബിനു ജോസഫ് പ്രോഗ്രാം കോഓർഡിനേറ്ററും ജോസ് തോമസ്, ബിജി ജോസഫ്, മെർലിൻ മേരി അഗസ്റ്റിൻ എന്നിവർ കോഓർഡിനേറ്റർമാരുമായി ക്രമീകരിച്ച മത്സരങ്ങൾ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ നീണ്ടു. പരിപാടി കോഓർഡിനേറ്റു ചെയ്ത ജോസ് തോമസിനും മെർലിനും എക്യുമെനിക്കൽ ഫെല്ലോഷിപ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു.

എക്യുമെനിക്കൽ ഫെല്ലോഷിപ് ചെയർമാൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ്പള്ളി വികാരി ഫാ. ഷിബു വേണാട് മത്തായി, കോ ചെയർമാൻ സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, സെക്രട്ടറി മാത്യു സാമുവൽ, ജോ. സെക്രട്ടറി കോശി വർഗീസ്, ട്രഷറർ ബിജി ജോസഫ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ