ബ്രിസ്റ്റോളിൽ മാർ ജോർജ് ആലഞ്ചേരിക്കും മാർ ജോസഫ് സ്രാമ്പിക്കലിനും സ്വീകരണം നൽകി
Monday, November 7, 2016 8:40 AM IST
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്‌ഥാപനത്തിനുശേഷം ആദ്യമായി യുകെയിലെത്തിയ കത്തോലിക്കാ സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിനും വികാരി ജനറാൾ ഫാ. തോമസ് പാറയടി, ഫാ. മാത്യു ചൂരപ്പൊയ്കയിലിനും ക്ലിഫ്ടൻ രൂപത സീറോ മലബാർ സമൂഹത്തിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

നവംബർ അഞ്ചിന് വൈകുന്നേരം 6.30ന് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിലെത്തിയ പിതാക്കന്മാരെ വികാരി ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ വരവേറ്റു. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികനായി. മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾ ഫാ. തോമസ് പാറയടി, വൈദികരായ ഫാ. സഖറിയാസ് കാഞ്ഞുപറമ്പിൽ, ഫാ. സിറിൽ ഇടമന, ഫാ. സണ്ണി പോൾ, ഫാ. ജോയി വയലിൽ, ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ സഹകാർമികരായി.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ഉണ്ടാകുന്നതിനു മുൻപ് തന്നെ റോമിലേക്ക് എത്തിയിരുന്ന വിശ്വാസ സമൂഹങ്ങളിലൊന്നായിരുന്നു ബ്രിസ്റ്റോൾ എന്ന് ഓർമിപ്പിച്ച പിതാവ് ബ്രിസ്റ്റോളിലെ വിശ്വാസ സമൂഹത്തിനു നേതൃത്വം നൽകിയ ഫാ. പോൾ വെട്ടിക്കാട്ടിനെയും ഫാ. ജോയി വയലിനെയും അഭിനന്ദിച്ചു. സീറോ മലബാർ സഭക്ക് സ്വന്തമായി ദേവാലയം പണിയുന്നതിനുള്ള ആഗ്രഹം സഫലമാകുമെന്നും മാർ സ്രാമ്പിക്കൽ ആദ്യമായി കൂദാശ നടത്തുന്ന ആദ്യ പള്ളിയായി ബ്രിസ്റ്റോളിലെ ദേവാലയം ആകട്ടെയെന്നും പിതാവ് ആശംസിച്ചു. ഫാ. പോൾ വെട്ടിക്കാട്ട് പ്രസംഗിച്ചു.

ക്ലിഫ്റ്റൻ, പ്ലിമത്ത്, മിനിവിയാ, കാർഡിഫ് എന്നീ രൂപതകളിലെ സീറോ മലബാർ സമൂഹങ്ങളിൽ നിന്നുള്ള വിശ്വാസികൾ പിതാക്കന്മാരെ സ്വീകരിക്കാൻ എത്തിയിരുന്നു. വിശുദ്ധ കുർബാനക്കുശേഷം പിതാവ് വിശ്വാസികൾക്കൊപ്പം സ്നേഹവിരുന്നിലും പങ്കെടുത്തു. ട്രസ്റ്റി റോയി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജെഗി ജോസഫ്