ബ്രിട്ടനിലേക്കുള്ള വീസ: ഇന്ത്യൻ ആവശ്യം തള്ളി
Tuesday, November 8, 2016 7:34 AM IST
ഫ്രാങ്ക്ഫർട്ട്–ഡൽഹി: ബ്രിട്ടനിലേക്കുള്ള വീസ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ തള്ളി. വീസ ക്വാട്ട ഉയർത്താനാകില്ലെന്ന് ഇന്ത്യ–ബ്രിട്ടൻ സാങ്കേതിക ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യയും ബ്രിട്ടനും ഉഭയകക്ഷി ചർച്ചയിൽ തീരുമാനമാനിച്ചു. ബ്രിട്ടനിലേക്കുള്ള വീസ അപേക്ഷകർക്കായി നല്ല സംവിധാനമാണ് ഇപ്പോൾ ബ്രിട്ടിലുള്ളതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള 10 വീസ അപേക്ഷയിൽ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയർത്താനാകില്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്. എന്നാൽ ഇന്ത്യൻ വ്യവസായികൾക്ക് ബ്രിട്ടനിലെത്താനായി വീസ നടപടിക്രമങ്ങൾ ലഘൂകരിക്കും. വീസ നിയമം കർശനമാക്കിയതിനാൽ ബ്രിട്ടനിലേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും തെരേസ വഴങ്ങിയില്ല. ഇത് ബ്രിട്ടനിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാണ്.

റിപ്പോർട്ട്: ജോർജ് ജോൺ