ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ പുതിയ സമരമുഖം തുറക്കും: കമലാ ഹാരിസ്
Tuesday, November 15, 2016 9:04 AM IST
വാഷിഗ്ടൺ: യുഎസ് സെനറ്റിലേക്കു നനടന്ന തരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ അമേരിക്കൻ വംശജ കമലാ ഹാരിസ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കെതിരെ പുതിയൊരു സമരമുഖം തുറക്കുമെന്ന് പ്രഖ്യാപിച്ചു. കലിഫോർണിയയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമല.

വംശീയതയ്ക്കെതിരെയും യുഎസ് മെക്സിക്കൊ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനെതിരെയും ശക്‌തമായി പ്രതികരിച്ച കമല, ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കെതിരെ ഒപ്പുശേഖരണം നടത്തുമെന്നും പറഞ്ഞു.

ഒബാമയുടെ ഭരണത്തിൽ അനധികൃത കുടിയേറ്റക്കാരും അധികൃത കുടിയേറ്റക്കാരും അനുഭവിച്ചിരുന്ന അതേ ആനുകൂല്യങ്ങൾ ട്രംപിന്റെ ഭരണത്തിലും നിലനിർത്തുന്നതിനുളള അവസരം ഉണ്ടാകണമെന്ന് അവർ അഭിപ്രായപ്പെട്ടു. ജാതിയുടേയും വർണത്തിന്റേയും മതത്തിന്റേയും പേരിൽ പൗരന്മാരെ ഭിന്നിപ്പിക്കുന്നതിന് ശ്രമിക്കുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുവാൻ ട്രംപ് ഭരണകൂടം ജാഗരൂകമാകണമെന്നും കമല മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ