ക്ലാസ് മുറികളിൽ കുരിശുരൂപങ്ങൾ സ്‌ഥാപിക്കണം
Wednesday, November 16, 2016 6:27 AM IST
സൂറിച്ച്: ക്രൈസ്തവികതയുടെ അടയാളമായ ക്രൂശിത രൂപം എല്ലാ ക്ലാസ് മുറികളിലും പൊതുസ്‌ഥലങ്ങളിലും സ്‌ഥാപിക്കണമെന്ന ആവശ്യവുമായി സ്വിറ്റ്സർലൻഡിലെ പ്രമുഖ ക്രൈസ്തവ സംഘടന രംഗത്ത്.

പൊതുസ്‌ഥലങ്ങളിൽ നിന്നും ക്രൂശിത രൂപങ്ങൾ എടുത്തു മാറ്റരുതെന്നും നൊയേ റൂട്ട്ലിബുണ്ട് എന്ന സംഘടന ആവശ്യപ്പെടുന്നു. ഇതിലേക്കായി 25,000 പേർ ഒപ്പിട്ട നിവേദനം പാർലമെന്റിന് നൽകും. സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലാണ് 25,000 പേർ നിവേദനത്തിലൊപ്പിട്ടത്.

അതേസമയം ക്രൂശിത രൂപങ്ങൾ പൊതുസ്‌ഥലങ്ങളിൽ സംരക്ഷിക്കപ്പെടണമെന്നുമാത്രമല്ല പുതിയവ സ്‌ഥാപിക്കുക കൂടി ചെയ്യണമെന്ന് ന്യൂ റൂട്ട്ലിബുണ്ടിന്റെ ആവശ്യത്തേപ്പറ്റി കന്റോൺ കൗൺസിലർ മുള്ളർ വ്യക്‌തമാക്കി. തന്നെയുമല്ല ക്രിസ്തീയ വിരുദ്ധർ പൊതുസ്‌ഥലങ്ങളിൽ നിന്ന് മാ ത്രമല്ല, ദേവാലയങ്ങളിൽ നിന്നുകൂടി ക്രൂശിത രൂപങ്ങൾ എടുത്തുമാറ്റുവാൻ ശ്രമിക്കുന്നു. എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും പ്രിമിൻ മുള്ളർ കൂട്ടിച്ചേർത്തു.

എന്നാൽ സ്വതന്ത്ര ചിന്താഗതിക്കാരുടെ വക്‌താവ് മിഖായേൽ പറഞ്ഞത് ഇവിടെ പൊതുസ്‌ഥലങ്ങളിൽ നിരവധി ക്രൂശിത രൂപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പൊതുസമൂഹത്തിൽ ഇതിന് നിരോധനവും ഇല്ല. എന്നാൽ സ്കൂളുകളിലും സർ ക്കാർ സ്‌ഥാപനങ്ങളിലും ക്രൂശിത രൂപങ്ങൾ സ്‌ഥാപിക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ