മലങ്കര കത്തോലിക്കാ സമൂഹം യുവജന സംഗമം നടത്തി
Wednesday, November 16, 2016 10:09 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം യുവജനങ്ങൾക്കായി സമ്മേളനം സംഘടിപ്പിച്ചു. നവംബർ 12 ന് രണ്ടു മുതൽ രാത്രി ഒമ്പതുവരെ ഫ്രാങ്ക്ഫർട്ടിലെ സെന്റ് ഫ്രാൻസിസ്കൂസ് ഇടവകയുടെ കീഴിലുള്ള സാന്റാ ഫമീലിയാ പള്ളി ഹാളിൽ മലങ്കരസഭാ കോഓർഡിനേറ്റർ ഫാ. സന്തോഷ് തോമസിന്റെ പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു. ബൈബിളിനെ അടിസ്‌ഥാനമാക്കി സന്തോഷച്ചൻ ആമുഖപ്രസംഗം നടത്തി.

സ്വയംപരിചയപ്പെടുത്തലിനുശേഷം കുട്ടികളും യുവജനങ്ങളും കൂടി ഗാനങ്ങൾ പരിശീലിപ്പിച്ച് ആലാപനം നടത്തി. തുടർന്നു സ്ത്രീകളും കുട്ടികളുംകൂടി ക്രിസ്മസിന് മുന്നോടിയായി വിവിധതരം ബിസ്ക്കറ്റുകൾ ബേയ്ക്ക് ചെയ്തു. വിവിധ മൽസരങ്ങളെ കൂടാതെ ഇറ്റലിയിലെ മിലാൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന ഫാ. ബിജു ചാവടിമുരുപ്പേൽ ബൈബിളിനെ അടിസ്‌ഥാനമാക്കി ക്വിസ് നടത്തി. അൻപതോളം പേർ പരിപാടിയിൽ സംബന്ധിച്ചു.

സംഗമത്തിൽ പങ്കെടുത്തവർക്കും സംഗമം പരിപാടിക്ക് നേതൃത്വം നൽകിയ അനൂപ് മുണ്ടേത്തിനും ഫാ. സന്തോഷ് നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ