ക്രൈസ്തവർ കരുണ ചെയ്തുകൊണ്ടേയിരിക്കുക: മാർ ജോർജ് ഞരളക്കാട്ട്
Monday, November 21, 2016 8:21 AM IST
ലണ്ടൻ: ‘നിങ്ങളുടെ സ്വർഗസ്‌ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ’ എന്ന ആപ്ത വാക്യവുമായി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വർഷം ക്രിസ്തുരാജ തിരുനാളായ നവംബർ 20ന് സമാപിക്കുന്ന അവസരത്തിൽ ക്ലിഫ്ടൺ രൂപത സീറോ മലബാർ കത്തോലിക്കാ സമൂഹം ഇന്നലെ ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

19ന് രാവിലെ 10ന് കൂടി ക്ലിഫ്റ്റൺ രൂപത സീറോ മലബാർ സമൂഹം ജോസഫ് സ്രാമ്പിക്കൽ പിതാവിനും തലശേരി രൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ടിനേയും മുത്തുക്കുടകളുടെയും പൊന്നിൻ കുരിശിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഫാ. പോൾ വെട്ടിക്കാട്ട്, ദിയ ഷാജി, ജീവ ജോൺസൺ എന്നിവർ സംസാരിച്ചു. CDSMCC ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി രൂപത അധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് ബ്രിട്ടനിലെ സീറോ മലബാർ സഭക്ക് ഈ കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ ദൈവ കാരുണ്യമാണ് പുതിയ പിതാവും പുതിയ രൂപതയുമെന്ന് ഉദ്ബോധിപ്പിച്ചു.

സാധാരണ രീതിയിൽ പിതാക്കന്മാർ ഓരോ രൂപതയുടെയും മാത്രം പിതാവായിരുന്നുവെങ്കിൽ മാർ സ്രാമ്പിക്കൽ അഭിഷിക്‌തനായിരിക്കുന്നത് ഗ്രേറ്റ് എപ്പാർക്കി ഓഫ് ബ്രിട്ടൻ, അതായത് ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ മുഴുവൻ ചുമതലയുള്ള പിതാവായിട്ടാണ് അഭിഷിക്‌തനായിരിക്കുന്നത്. ആ പിതാവിനോട് കൂടെ ചേർന്ന് നിൽക്കാനും പിതാവിനോട് കൂടെ സഭയെ നയിക്കാനും വിശ്വാസികൾക്ക് കഴിയട്ടെ, സ്വന്തമായി രൂപതകളും മതബോധന കേന്ദ്രങ്ങളും പള്ളികളും ഉണ്ടാകുവാൻ, പിതാവിനോട് ചേർന്ന് നിന്ന് വിശ്വാസി സമൂഹം സഭയെ വളർത്തണമെന്ന് മാർ ഞരളക്കാട്ട് ഉദ്ബോധിപ്പിച്ചു.

അനുമോദന സന്ദേശത്തിന് നന്ദി പറഞ്ഞ മാർ സ്രാമ്പിക്കൽ താൻ എന്നും കരുണയുടെ വാതിലിൽ കൂടി കടക്കുമായിരുന്നു, കരുണയുള്ളവരുടെ കൂടെ കരുണയുള്ളവനായിരിക്കുവാൻ വേണ്ടിയാണ് ശ്രമിച്ചിരുന്നത്. ഇവിടെ എല്ലാ സമൂഹത്തെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എല്ലാവരും അതിനായി തന്നോട് സഹകരിക്കണമെന്നും അഭ്യർഥിച്ചു. ക്ലിഫ്റ്റൺ രൂപത യുകെയിലെ വിശ്വാസി സമൂഹത്തിനു നൽകിയിട്ടുള്ള നേട്ടങ്ങളെ മാനിച്ച് ക്ലിഫ്ടൺ രൂപത ചാപ്ലിൻമാരായിരുന്ന ഫാ. പോൾ വെട്ടിക്കാട്ടിനെയും ഫാ. ജോയി വയലിലിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. യുകെയിലെ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടർ ആയി ഫാ. ജോയി വയലിനെ തിരഞ്ഞെടുത്ത കാര്യം പിതാവ് അറിയിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പത്താം ക്ലാസ് പാസായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഉച്ചകഴിഞ്ഞു നടന്ന വിശുദ്ധ കുർബാനക്ക് മാർ ഞരളക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോയി വയലിൽ, ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ജിജോ തുടങ്ങിയവർ സഹകാർമികരായി. തുടർന്ന് ക്ലിഫ്റ്റൺ രൂപതയുടെ വിവിധ മാസ് സെന്ററുകളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തനിർത്യങ്ങൾ അരങ്ങേറി. ബ്രിസ്റ്റോൾ കമ്യൂണിറ്റിയിൽ നിന്നും റോജി ചങ്ങനാശേരിയുടെ നേതൃത്വത്തിൽ അവതരിക്കപ്പെട്ട സ്കിറ്റ് വളരെ ശ്രദ്ധേയമായി. കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, മാർഗം കളി എന്നിവയും അരങ്ങേറി. ഗ്ലോസ്റ്ററിലെ ട്രസ്റ്റി ജോജി കുരുവിള, ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ജോയി വയലിൽ സംസാരിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്