ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി രണ്ടുമുതൽ
Tuesday, January 3, 2017 6:11 AM IST
ബംഗളൂരു: ഒൻപതാമത് ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി രണ്ടു മുതൽ ഒൻപതു വരെ നടക്കും. ബംഗളൂരുവിലും മൈസൂരുവിലുമായി നടക്കുന്ന ചലച്ചിത്രമേളയിൽ 50 രാജ്യങ്ങളിൽ നിന്നായി 180 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കന്നഡ സിനിമയുടെ അറുപതാം വാർഷികാഘോഷവും ഇതോടനുബന്ധിച്ച് നടക്കും.

ബംഗളൂരുവിലെ പിവിആർ സിനിമാസ്, രാജാജിനഗർ ഓറിയോൺ മാൾ, മൈസൂരുവിലെ ഐനോക്സ് സിനിമാസ് എന്നിവിടങ്ങളിലെ 15 സ്ക്രീനുകളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മൊത്തം 450 പ്രദർശനങ്ങളുണ്ടാകും. ചിത്രങ്ങളുടെ പട്ടിക ഈയാഴ്ച തന്നെ പുറത്തിറക്കും. മേളയുടെ സമാപനം ഫെബ്രുവരി ഒമ്പതിന് മൈസൂരുവിൽ നടക്കും.

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിത, പ്രശസ്ത കന്നഡ നടനും സംവിധായകനുമായ കെംപരാജ് ഉർസ് എന്നിവർക്ക് ചലച്ചിത്രമേളയിൽ ആദരമർപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരന്മാരായ കെൻ ലോച്ച്, കിം കി ഡൂക്ക്, അസ്ഗർ ഫർഹാദി, സോൾട്ടൻ ഫാബ്രി തുടങ്ങിയവരുടെ ചിത്രങ്ങൾ മേളയിലുണ്ടാകും. പശ്ചിമബംഗാൾ, ജമ്മു നോർത്ത് ഈസ്റ്റ്, മഹാരാഷ്ര്‌ട, ഡൽഹി, കേരള, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ഇന്ത്യൻ, കന്നഡ, കന്നഡ പോപ്പുലർ എന്റർടെയിൻമെന്റ് എന്നിങ്ങനെ നാലു മത്സരവിഭാഗങ്ങളാണുള്ളത്.

മേളയുടെ ചരിത്രത്തിൽ ആദ്യമായി അൾജീരിയ, ലെബനൻ, വിയറ്റ്നാം, ഏഷ്യ പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്ത്രീശക്‌തിയെ അടിസ്‌ഥാനമാക്കിയ പ്രത്യേക വിഭാഗങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഫിലിം ക്രിട്ടിക്സ് അവാർഡും നെറ്റ്പാക് അവാർഡും ഇത്തവണയുണ്ട്. വിൻസന്റ് വാൻഗോഗ്, ഫ്രിറ്റ്സ് ലാംഗ്, പാബ്ലോ നെരൂദ, എം.എം. കൽബുർഗി എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്കുമെന്ററികളും പ്രദർശിപ്പിക്കും. വർക് ഷോപ്പുകൾ, സെമിനാറുകൾ, ചർച്ചകൾ, ചലച്ചിത്രപ്രവർത്തകരുമായി സംവാദം തുടങ്ങിയവയുമുണ്ടാകും.

ചലച്ചിത്രമേളയ്ക്കായുള്ള രജിസ്ട്രേഷൻ ഈയാഴ്ച ബംഗളൂരുവിലെ കർണാടക ചലച്ചിത്ര അക്കാദമി ഓഫീസിലും മൈസൂരുവിലെ ഇൻഫർമേഷൻ വകുപ്പ് ഓഫീസിലും ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, കെഎഫ്എഫ്സി അംഗങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് 300 രൂപയാണ് ഫീസ്.