നഗരത്തിലെ സ്വകാര്യ കുടിവെള്ള ടാങ്കറുകൾ പിടിച്ചെടുക്കും
Tuesday, February 14, 2017 6:55 AM IST
ബംഗളൂരു: നഗരം കടുത്ത ജലക്ഷാമം നേരിടാനൊരുങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലിന്‍റെ ഭാഗമായി നഗരത്തിലെ സ്വകാര്യ കുടിവെള്ള ടാങ്കറുകൾ പിടിച്ചെടുക്കാൻ ബംഗളൂരു ജലവിതരണ ബോർഡ് ഒരുങ്ങുന്നു. കുടിവെള്ളക്ഷാമം മുതലെടുത്ത് സ്വകാര്യ ടാങ്കർ ഉടമകൾ മൂന്നിരട്ടി വില ഈടാക്കി കുടിവെള്ളം വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. നഗരത്തിലെ കുടിവെള്ള ടാങ്കറുകളുടെ പ്രവർത്തനങ്ങൾ ബോർഡ് നിരീക്ഷിച്ചുവരികയാണ്. ഉത്തരകർണാടക പോലെയുള്ള മേഖലകളിൽ വേനൽക്കാലത്ത് സ്വകാര്യ ടാങ്കറുകളും കുഴൽകിണറുകളും സർക്കാർ പിടിച്ചെടുക്കാറുണ്ടെ ങ്കിലും ബംഗളൂരു നഗരത്തിൽ അഞ്ചു പതിറ്റാണ്ട ിനിടെ ആദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.

ബംഗളൂരു, മൈസൂരു, മാണ്ഡ്യ അന്നീ ജില്ലകളുടെ പ്രധാന കുടിവെള്ള സ്രോതസായ കെആർഎസ് അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതാണ് ജലക്ഷാമത്തിനു കാരണമാകുന്നത്. കാലവർഷം കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ മതിയായ വെള്ളമില്ല. ഇതോടെ കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നഗരവാസികൾ. ഈ സാഹചര്യത്തിലാണ് ജലവിതരണ ബോർഡിന്‍റെ മുൻകരുതൽ നടപടി.