ഭക്ഷ്യവസ്തുക്കൾക്ക് നിലവാരമില്ല: ഹംഗറി അന്വേഷണം പ്രഖ്യാപിച്ചു
Wednesday, February 22, 2017 4:42 AM IST
ബുഡാപെസ്റ്റ്: ഒരേ കന്പനിയുടെ, ഒരേ തരം പായ്ക്കറ്റിലുള്ള ഉത്പന്നങ്ങൾക്ക് ഓസ്ട്രിയയിലും ഹംഗറിയിലും രണ്ട് നിലവാരം. ഹംഗറിയിൽ വിൽക്കുന്ന ഉത്പന്നങ്ങൾ നിലവാരം കുറവാണെന്ന ആരോപണത്തെത്തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

യൂണിലിവർ, നെസ്റ്റ്ലെ തുടങ്ങിയ വന്പൻ കന്പനികളുടെ ഉത്പന്നങ്ങൾ ഇതിൽപ്പെടുന്നു. ചോക്കളേറ്റ് സ്പ്രെഡ് മുതൽ പായ്ക്കറ്റ് സൂപ്പു വരെയുള്ള ഉത്പന്നങ്ങൾ ഇതിലുണ്ട്. സമാന പാക്കേജിംഗാണെങ്കിലും ഓസ്ട്രിയയിൽ വിൽക്കുന്ന ഉത്പന്നങ്ങൾ വലുപ്പവും രുചിയും ക്രീമും കൂടുതലാണെന്നാണ് നിരീക്ഷണം.

ഇത് യഥാർഥത്തിൽ ഒരു നിയമ പ്രശ്നം എന്നതിലുപരി ധാർമിക പ്രശ്നമാണെന്ന് ഹംഗേറിയൻ സർക്കാർ നിരീക്ഷകൻ റോബർട്ട് സിഗോ. നൂറോളം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അന്വേഷണത്തിന്‍റെ ഭാഗമായി താരതമ്യം ചെയ്യാൻ പോകുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ