സ്വിസ് സൈന്യം വനിതകളെ മാടിവിളിക്കുന്നു
Thursday, February 23, 2017 10:28 AM IST
ബെർലിൻ: കൂടുതൽ വനിതകളെ സൈന്യത്തിൽ നിയമിക്കുന്നത് ഗുണകരമായിരിക്കുമെന്ന് സ്വിസ് കരസേനയിലെ കോർപ്സ് കമാൻഡർ ഡാനിയൽ ബൗംഗാർട്ട്നർ.

സ്ത്രീകൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പുരുഷൻമാരിൽനിന്നു വ്യത്യസ്തമായാണ്. ഇത് സൈന്യത്തിന് ഗുണകരമായിരിക്കുമെന്നാണ് ഡാനിയൽ ബൗംഗാർട്ട്നർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

നിലവിൽ സ്വിസ് പുരുഷൻമാർക്ക് സൈനിക സേവനം നിർബന്ധമാണ്. ഇതു സ്ത്രീകൾക്കും ബാധകമാക്കണമെന്ന അഭിപ്രായം അദ്ദേഹം തള്ളിക്കളഞ്ഞു. പക്ഷേ, സൈന്യം നൽകുന്ന വിവിധ സാധ്യതകളെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാൻ ഒരു നിർബന്ധിത ഇൻഫർമേഷൻ ദിനം അനിവാര്യമാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് തുല്യതയുടെ പ്രശ്നം മാത്രമാണെന്നും ബൗംഗാർട്ട്നർ കൂട്ടിച്ചേർത്തു.

ഒക്ടോബർ അവസാനം വരെയുള്ള കണക്കനുസരിച്ച്, പുതുതായി സൈന്യത്തിൽ ചേർന്ന 7600 പേരിൽ 65 സ്ത്രീകൾ മാത്രമാണുള്ളത്. പുരുഷൻമാർക്ക് സൈനിക സേവനത്തിൽ താത്പര്യം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ സൈനിക നേതൃത്വം നിർബന്ധിതമാകുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ