ജർമൻ ചാൻസലർ സ്ഥാനാർഥി ഷൂൾസ് പുതിയ വിവാധത്തിൽ
Saturday, February 25, 2017 10:18 AM IST
ബെർലിൻ: ക്ലീൻ ഇമേജുമായി ജർമൻ തെരഞ്ഞെടുപ്പിൽ ചാൻസലർ ആംഗല മെർക്കലിന്‍റെ എതിരാളിയായി രംഗത്തുവന്ന മാർട്ടിൻ ഷൂൾസ് പുലിവാലുപിടിച്ചു. ഷുൾസ് യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റായിരുന്നപ്പോൾ നടത്തിയ കണക്കിൽകൊള്ളാത്ത അധികചെലവുകളെപ്പറ്റിയുള്ള ആരോപണമാണ് ഷുൾസിനു വിനയാവുന്നത്. ഷുൾസിന്‍റെ ഉപദേശകൻ മാർക്കസ് എംഗൽസിനു ഷൂൾസ് അനുവദിച്ചിരുന്ന അലവൻസുകളുടെ കാര്യത്തിലാണ് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്.

2012 കാലഘട്ടത്തിൽ ബെർലിനിൽ താമസിച്ചിരുന്ന എംഗൽസ് ബ്രസൽസിൽ താമസിക്കുന്നു എന്നു കാണിച്ച് അലവൻസ് വാങ്ങിയിരുന്നു എന്നതാണ് മുഖ്യ ആരോപണം. ഷൂൾസിന്‍റെ പാർട്ടിയായ എസ്പിഡി ഈ ആരോപണത്തോട് ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ, യൂറോപ്യൻ യൂണിയനിൽ ഇത്തരം സംവിധാനങ്ങൾ സ്വാഭാവികം മാത്രമാണെന്നാണ് പാർട്ടി നേതാക്കൾ അനൗപചാരികമായി പറയുന്നത്.

യൂറോപ്യൻ ബജറ്ററി കണ്‍ട്രോൾ കമ്മിറ്റിയുടെ അന്വേഷണം സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ബിബിസിക്ക് ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചു. ചാൻസലർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെർക്കലിനുമേൽ മുൻതൂക്കം നേടിക്കഴിഞ്ഞിരുന്ന ഷൂൾസിന് ഈ ആരോപണം കനത്ത തിരിച്ചടിയായേക്കും.

തട്ടിപ്പ്, അഴിമതി, നിയമവിരുദ്ധ പ്രവർത്തനം തുടങ്ങിയവയൊന്നും ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയിൽ ബജറ്ററി കമ്മിറ്റിക്ക് ഇതു ബോധ്യമായാൽ മാത്രമേ അന്വേഷണം പ്രഖ്യാപിക്കൂ എന്നും സൂചന.

ജർമനിയിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥിയായി മെർക്കലിനെതിരെ അങ്കം കുറിച്ച ഷുൾസിന് ഇത്തരത്തിലൊരു ആരോപണം എന്തായാലും വീഴ്ചയാവും. പ്രചാരണത്തിന്‍റെ തുടക്കം മുതൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഷുൾസിന്‍റെ ഇമേജിനുതന്നെ കോട്ടം തട്ടുമെന്നാണ് വിദഗ്ധരുടെ പക്ഷം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ