സൂറിച്ച് യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരം
Wednesday, March 22, 2017 8:16 AM IST
ബെർലിൻ: യൂറോപ്പിൽ ജീവിതചെലവ് ഏറ്റവും കൂടിയ നഗരം സ്വിറ്റ്സർലൻഡിലെ സൂറിച്ച് എന്ന് റിപ്പോർട്ടുകൾ. ഇക്കോണമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് തയാറാക്കിയ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് സർവേയിലാണ് സൂറിച്ച് ഈ സ്ഥാനം നിലനിർത്തിയിരിക്കുന്നത്.

ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഏഷ്യയ്ക്കു പുറത്തുനിന്ന് ഇടം പിടിച്ച ഏക നഗരമാണ് സൂറിച്ച്. ഏഴാം സ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവ ഏഴാമതും ഫ്രഞ്ച് തലസ്ഥാനമായ പാരീസും പങ്കുവയ്ക്കുന്നു. ആദ്യ പത്തിലുള്ള മറ്റൊരു യൂറോപ്യൻ നഗരം ഡെൻമാർക്കിലെ കോപ്പൻഹേഗൻ മാത്രമാണ്.

വിദേശ ജോലിക്കാർക്കും വ്യവസായ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കുമുള്ള പാക്കേജുകൾ തയാറാക്കുന്നതിനു സഹായം എന്ന നിലയിലാണ് ഈ സർവേ നടത്താറുള്ളത്. ഭക്ഷണം, വസ്ത്രം, വാടക, ഗതാഗതം തുടങ്ങിയവ ഉൾപ്പെടെ നാനൂറോളം കാര്യങ്ങളാണ് ഇതിൽ പരിഗണിക്കുന്നത്.

ആഗോള തലത്തിൽ സിംഗപ്പുരാണ് ഏറ്റവും ചെലവേറിയ നഗരം. തുടരെ നാലാം വർഷമാണ് സിംഗപ്പൂർ ഈ സ്ഥാനത്തെത്തുന്നത്. ഹോങ്കോംഗ് രണ്ടാം സ്ഥാനത്താണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ