മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
Tuesday, April 18, 2017 5:29 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ മലയാളി സമൂഹം തങ്ങളുടെ പാരന്പര്യവും വിശ്വാസവും പിന്തുടർന്ന് ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു.

വിഥിൻഷോ സീറോ മലബാർ കമ്യൂണിറ്റിയുടെ ഉയിർപ്പ് തിരുനാളിന്‍റെ തിരുക്കർമങ്ങൾക്ക് ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശേരി മുഖ്യകാർമികത്വം വഹിച്ചു.

മാതാവിന്‍റെ ഗ്രോട്ടോയുടെ മുന്നിൽ ഉയിർപ്പ് തിരുനാളിന്‍റെ ശുശ്രൂഷകൾ ആരംഭിച്ചു. പുതുവെള്ളം വെഞ്ചിരിച്ച്, തുടർന്ന് ദേവാലയത്തിനുള്ളിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു. യേശുവിന്‍റെ ഉയിർപ്പ് ശുശ്രൂഷകൾക്കുശേഷം സീറോ മലബാർ സഭയുടെ ഉയിർപ്പ് തിരുക്കർമങ്ങളിലെ പ്രത്യേക ശുശ്രൂഷയായ ന്ധസമാധാന ശുശ്രൂഷ’ നടന്നു. ദേവാലയ മധ്യത്തിൽ പ്രത്യേകം ക്രമീകരിച്ച പീഠത്തിൽ വിശുദ്ധ ശ്ലീഹാ നാല് തിരികളടെ മധ്യേ എഴുന്നെള്ളിച്ച് വച്ചു കൊണ്ടുള്ള പ്രാർഥനകളും അവസാനം എല്ലാവരും പരസ്പരം സമാധാനം കൈമാറുന്നതുമാണ് സമാധാന ശുശ്രൂഷ. തുടർന്ന് ദിവ്യബലിയും സ്ലീവാ ചുംബനവും നടന്നു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ട് വികാരിയച്ചൻ ഈസ്റ്റർ എഗ് വിതരണം ചെയ്തു. ട്രസ്റ്റിമാരായ ബിജു ആന്‍റണി, സുനിൽ കോച്ചേരി, ട്വിങ്കിൾ ഈപ്പൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലിൻസിയുടെ സെന്‍റ് എലിസബത്ത് ദേവാലയത്തിൽ നടന്ന ഉയിർപ്പ് തിരുനാൾ ശുശ്രൂഷകർക്ക് മോണ്‍. സജി മലയിൽ പുത്തൻപുരയിൽ മുഖ്യകാർമികത്വം വഹിച്ചു. പ്രത്യേകം തയാറാക്കിയ കല്ലറയിൽ യേശു ഉയിർത്തെഴുന്നേൽക്കുന്നതിന്‍റെ ദൃശ്യാവിഷ്കാരം പരന്പരാഗത രീതിയിൽ തന്നെ ക്രമീകരിച്ചിരുന്നു. ശുശ്രൂഷകൾക്കും ദിവ്യബലിക്കും ശേഷം ഇടവകാംഗങ്ങൾക്കെല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ട് സജിയച്ചൻ ഈസ്റ്റർ എഗ് വിതരണം ചെയ്തു.

മാഞ്ചസ്റ്റർ വിഥിൻഷോ സെന്‍റ് എയ്ഡൻസ് ദേവാലയത്തിൽ നടന്ന സീറോ മലങ്കര സഭയുടെ ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾക്ക് ഫാ. രഞ്ജിത്ത് മഠത്തിപ്പറന്പിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഈസ്റ്റർ എഗ് വിതരണവും സ്നേഹവിരുന്നും നടന്നു.

സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ഉയിർപ്പ് തിരുനാൾ തിരുക്കർമകൾക്ക് ഫാ. റോബിൻസണ്‍ മെൽക്കിസ്, ഫാ.ജോർജ് ചീരാംകുഴി എന്നിവർ കാർമികത്വം വഹിച്ചു. ഉയിർപ്പിന്‍റെ ശുശ്രൂഷകളിലും ദിവ്യബലിയിലും നൂറ് കണക്കിനാളുകൾ ഭക്തിപൂർവം പങ്കു ചേർന്നു. ട്രസ്റ്റിമാരായ ഹാൻസ് ജോസഫ്, വർഗീസ് എന്നിവർ ശുശ്രൂഷകൾക്ക് മേൽനോട്ടം വഹിച്ചു.

സെയിൽ സെന്‍റ് ഫ്രാൻസീസ് ദേവാലയത്തിൽ സെന്‍റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കമ്യൂണിറ്റിയുടെ ഈസ്റ്റർ ദിന ശുശ്രൂഷകൾക്ക് ഫാ പീറ്റർ കുര്യാക്കോസ് നേതൃത്വം നല്കി. ദിവ്യബലിക്ക് ഉയിർപ്പിന്‍റെ ശുശ്രൂഷകൾക്കുശേഷം സ്നേഹവിരുന്നും നടന്നു.

സെന്‍റ് ജോർജ് ക്നാനായ ദേവാലയത്തിൽ നടന്ന ഉയിർപ്പിന്‍റെ ശുശ്രൂഷകൾക്ക് ഫാ. സജി ഏബ്രഹാം കൊച്ചേത്ത് മുഖ്യ കർമികത്വം വഹിച്ചു. ഭക്ത ജനങ്ങൾ പ്രദക്ഷിണമായി ദേവാലയത്തിന് വലയം വച്ചു. ദിവ്യബലിക്കുശേഷം ഈസ്റ്റർ ആശംസകൾ നേർന്ന് വികാരി എല്ലാവർക്കും ഈസ്റ്റർ എഗ് വിതരണം ചെയ്തു. തുടർന്ന് വിഭവ സമൃദ്ധമായ ഈസ്റ്റർ സദ്യയും നടന്നു.

സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. വർഗീസ് മാത്യു കാർമികത്വം വഹിച്ച് ശുശ്രൂഷകൾക്ക് ശേഷം പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട്: അലക്സ് വർഗീസ്