ബ്രിട്ടീഷ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ തീരുമാനം പാർലമെന്‍റ് അംഗീകരിച്ചു
Thursday, April 20, 2017 8:20 AM IST
ലണ്ടൻ: ബ്രിട്ടനിൽ ജൂണ്‍ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനത്തിന് പാർലമെന്‍റിന്‍റെ അംഗീകാരം. പൊതുസഭയിൽ നടന്ന വേൊട്ടടുപ്പിൽ 13 നെതിരെ 522 പേർ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാർലമെന്‍റന്‍റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങും. ചൊവ്വാഴ്ചയാണ് ജൂണിൽ തെരഞ്ഞെടുപ്പു നടത്തുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്.

2020ൽ പൊതുതെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബ്രെക്സിറ്റാനന്തരം ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രി പദം രാജിവച്ചതോടെയാണ് തെരേസ മേ അധികാരമേറ്റത്. ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയിൽ തേരേസ മേ പിന്തുണച്ചിരുന്നത് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരുന്നതിനായിരുന്നു. തെരെഞ്ഞടുപ്പ് നേരിടാതെ അധികാരത്തിലെത്തിയ മേ സർക്കാറിന് ബ്രെക്സിറ്റ് നടപ്പാക്കാൻ അധികാരമുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

അതേസമയം ബ്രെക്സിറ്റ് നടപടികൾ മുന്നോട്ടു കൊണ്ടുപോവാൻ ശക്തമായ ഭരണകൂടം വേണമെന്നാണ് തെരേസാ മേയുടെ നിലപാട്. 1974ലാണ് ഇതിനുമുന്പ് ബ്രിട്ടനിൽ ഇടക്കാല പൊതെുതരഞ്ഞെടുപ്പു നടന്നത്. ഖനി തൊഴിലാളികളുടെ സമരത്തെ നേരിടാൻ ജനപിന്തുണ ആവശ്യപ്പെട്ടു എഡ്വേർഡ് ഹീത്ത് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ തൂക്കു പാർലമെന്‍റിനാണ് ജനം വിധിയെഴുതിയത്.

അതേസമയം പ്രകടനംമൂലം ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതിപക്ഷസ്ഥാനം രാജിവയ്ക്കുമെന്ന ഭയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിൽനിന്നുള്ള ഉന്നതരാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്. തേരേസ മേ നാലിന് കോർബിൻ സ്ഥാനമൊഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ലേബർപാർട്ടിയിൽ പുതിയ നേതൃത്വമെത്തുന്നതോടെ ബ്രെക്സിറ്റ് നടപടികൾ മുന്നോട്ടുകൊണ്ടുപോവാൻ തെരേസ മേക്ക് വെല്ലുവിളിയാവും. ഇതു തടയുന്നതിനാണ് അവർ കാലേക്കൂട്ടി കരുക്കൾ നീക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബ്രെക്സിറ്റ് നടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തെരേസാ മേ വിസമ്മതിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയം കളിക്കുകയാണ് താനെന്ന ആരോപണങ്ങൾ മേ തള്ളിക്കളഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ