ഫ്രാൻസിൽ വലതുപക്ഷത്തിനെതിരെ വിശാല സഖ്യം
Thursday, April 27, 2017 4:45 AM IST
പാരിസ്: ഫ്രാൻസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട മത്സരത്തിൽ തീവ്രവലതുപക്ഷ കക്ഷിയായ നാഷണൽ ഫ്രണ്ടിന്‍റെ മരീൻ ലീപെന്നിനെതിരെ എതിരാളികളുടെ മഹാസഖ്യം രൂപപ്പെട്ടു. മേയ് ഏഴിന് നടക്കുന്ന അന്തിമ പോരാട്ടത്തിൽ (റണ്‍ ഓഫ്) മരീന്‍റെ എതിർ സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിനെ പിന്തുണക്കാൻ ഒന്നാം ഘട്ടത്തിൽ പുറത്തായ പാർട്ടികളിൽ ഭൂരിഭാഗവും തീരുമാനിച്ചു. കഴിഞ്ഞ വർഷം മാത്രം രൂപംകൊണ്ട എൻമാർഷെ എന്ന പാർട്ടിയുടെ പ്രതിനിധിയായ മാക്രോണ്‍ സ്വതന്ത്രനായിട്ടാണ് മത്സരരംഗത്തുള്ളത്.

ഞായറാഴ്ച നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മാക്രോണ്‍ 23.8 ശതമാനം വോട്ട് നേടി ആദ്യ സ്ഥാനത്തെത്തിയിരുന്നു. മരീൻ 21.5 ശതമാനവും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫ്രാൻസ്വ ഫിലൻ 19.9 ശതമാനവും ഇടതു കക്ഷിയായ റിബല്യസ് ഫ്രാൻസിെൻറ ഴാൻ ലൂക് മെലൻഷൻ 19.6 ശതമാനം വോട്ടുകളുമാണ് നേടിയത്. സോഷ്യലിസ്റ്റ് പാർട്ടിയുടെ ബെനോയിറ്റ് ഹാമന് കേവലം ആറ് ശതമാനം വോട്ടാണ് ലഭിച്ചത്. ഒന്നാം ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ട് സ്ഥാനാർഥികളുടെ റണ്‍ ഓഫിന് കളമൊരുങ്ങിയത്. തീവ്രവലതുപക്ഷത്തിനെതിരെ പ്രധാന രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചതോടെ 39കാരനായ മാക്രോണ്‍ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന് 61 ശതമാനം വോട്ട് ലഭിക്കുമെന്നാണ് മിക്ക അഭിപ്രായ സർവേകളും നൽകുന്ന സൂചന.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ പരന്പരാഗത ഇടതുവലതു പാർട്ടികൾക്ക് മുഴുവൻ അടിതെറ്റിയ കാഴ്ചക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. യൂറോപ്പിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഫ്രഞ്ച് മുഖമായ മരീൻ റണ്‍ ഓഫിന് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, എതിരാളിയായി ഫിലനോ മെലൻഷനോ ആയിരിക്കുമെന്നാണ് കരുതിയത്. ഈ പ്രവചനങ്ങളൈയല്ലാം മറിച്ചിട്ടാണ് മാക്രോണ്‍ ഒന്നാം സ്ഥാനത്തേക്ക് കടന്നുവന്നത്. മാക്രോണ്‍ രാഷ്ട്രീയ തരംഗമായതോടെ മറ്റു പാർട്ടികൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഹാമനാണ് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഴാൻ പിയറി റെഫാറിനും മാക്രോണിന് വോട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ മുസ് ലിം വിഭാഗങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഫ്രാൻസിന്േ‍റയും ന്യൂനപക്ഷങ്ങളുടെയും ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ മാക്രോണിനെ പിന്തുണക്കാൻ പാരിസ് ഗ്രാന്‍റ് മോസ്ക് ഇമാം ദലീൽ അബൂബക്കർ ആഹ്വാനം ചെയ്തു. അതേസമയം, മെലൻഷനോ വിഷയത്തിൽ നിലപാട് പ്രഖ്യാപിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും മാക്രോണിനൊപ്പമാണ്. യൂണിയൻ പ്രസിഡന്‍റ് അന്‍റാണിയോ തജാനി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്.

അതിനിടെ, രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് മരീൻ തിങ്കളാഴ്ചതന്നെ തുടക്കം കുറിച്ചു. മാക്രോണിനെതിരെ ആഞ്ഞടിച്ചായിരുന്നു അവരുടെ തുടക്കം. ജിഹാദി തീവ്രവാദത്തെ പ്രതിരോധിക്കാൻ മാക്രോണിനാകില്ലെന്ന് അവർ വിമർശിച്ചു. ഫ്രാൻസിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കുമെന്നും അവർ അവകാശപ്പെട്ടു. അടുത്ത ദിവസങ്ങളിൽതന്നെ അവർ വിവിധ നഗരങ്ങളിൽ റാലി നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, മാക്രോണിെൻറ പ്രചാരണ പരിപാടികളെക്കുറിച്ച് വ്യക്തതയില്ല. കടുത്ത മുസ് ലിം അഭയാർഥിവിരുദ്ധ നയം വച്ചുപുലർത്തുന്ന മരീൻ, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ബ്രെക്സിറ്റിന് സമാനമായ ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ പൂർണമായും ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികളും അവർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നയങ്ങൾക്ക് അടുത്ത കാലത്ത് ഫ്രാൻസിൽ കാര്യമായ സ്വാധീനം ലഭിച്ചത് യൂറോപ്യൻ യൂണിയനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മരീന്‍റെ വിജയം ഒരു പേക്ഷ, യൂറോപ്യൻ യൂണിയന്‍റെ തന്നെ തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മരീനെതിരെ വിശാല സഖ്യം രൂപപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ