യുകെകെസിഎ കണ്‍വൻഷൻ: പൊന്തിഫിക്കൽ ദിവ്യബലിക്ക് 101അംഗ ഗായകസംഘം
Wednesday, May 24, 2017 7:59 AM IST
ചെൽട്ടൻഹാം: യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്തീയ സമുദായ സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ 16-ാമത് കണ്‍വൻഷനോടനുബന്ധിച്ച് അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ കുർബാനയ്ക്ക് 101അംഗ ഗായകസംഘം ഗാനങ്ങൾ ആലപിക്കും.യുകെകെസിഎ കണ്‍വൻഷൻ ചരിത്രത്തിൽ ആദ്യാമായിട്ടാണ് ശുഭവസ്ത്രധാരികളായ 101അംഗസംഘ ഗായകർ ഗാനശുശ്രൂഷയിൽ പങ്കെടുക്കുന്നത്.

ജൂലൈ എട്ടിന് ചെൽട്ടണ്‍ഹാമിലെ വിശ്വപ്രസിദ്ധമായ ജോക്കി ക്ലബിലാണ് 16-ാമത് യുകെകെസിഎ കണ്‍വൻഷൻ നടക്കുന്നത്. ഗായക സംഘത്തിൽ ചേർന്ന് ഗാനമാലപിക്കുവാൻ ആഗ്രഹിക്കുന്നവർ യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറിയുമായി ബന്ധപ്പെടേണ്ടതാണ്.

യുകെകെസിഎ കണ്‍വൻഷൻ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വേദിയിലാണ് ഇത്തവണ പൊന്തിഫിക്കൽ കുർബാന അർപ്പിക്കപ്പെടുന്നത്. പുഷ്പാലകൃതമായ ബലിപീഠത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും.

16-ാമത് യുകെകെസിഎ കണ്‍വൻഷന് പ്രസിഡന്‍റ് ബിജു മടക്കക്കുറി ചെയർമാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ്, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട് ഉപദേശക സമിതിയംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: പുത്തൻകുളം ജോസ്