ബ്രെക്സിറ്റ് ചർച്ചയാരംഭിച്ചു; ബ്രിട്ടന് ഇളവില്ലെന്ന് ബാർനിയർ
Tuesday, June 20, 2017 7:57 AM IST
ബ്രസൽസ്: ബ്രെിക്സിറ്റ് എങ്ങനെയായിരിക്കണമെന്നു സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടൻ ചർച്ചകൾ ആരംഭിച്ചു. ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ പ്രതിനിധിയും മുഖ്യ കൂടിയാലോചനക്കാരനുമായ മൈക്കൽ ബാർണിയറും ബ്രിട്ടൻ പ്രതിനിധി ഡേവിഡ് ഡേവിസും തമ്മിലാണ് ഒൗപചാരിക ചർച്ചകൾ തുടങ്ങിയത്. എന്നാൽ ബ്രെക്സിറ്റ് ചർച്ചകളിൽ ബ്രിട്ടന് ഒരു തരത്തിലുള്ള ഇളവുകളും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയന്‍റെ ബ്രെക്സിറ്റ് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയർ.

വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങാനാവില്ലെന്ന യൂറോപ്യൻ യൂണിയൻ നിലപാട് അംഗീകരിക്കാൻ ബ്രിട്ടൻ നിർബന്ധിതമായിക്കഴിഞ്ഞു എന്നാണ് ഇപ്പോഴത്തെ സൂചന. ബ്രസൽസിൽ തുടങ്ങിയ ചർച്ചകളുടെ ആദ്യ ദിവസത്തിനു ശേഷം ബാർനിയറും ഡേവിസും ഒരുമിച്ചാണ് വാർത്താ സമ്മേളനം നടത്തിയത്.

കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംബന്ധിച്ചാണ് ആദ്യ ഘട്ടം ചർച്ചകൾ. സാന്പത്തിക ഇടപാടുകളും പുറത്തു പോകുന്നതു സംബന്ധിച്ച മറ്റു വിഷയങ്ങളും ഈ ഘട്ടത്തിൽ ചർച്ചയ്ക്കെടുക്കും. എന്നാൽ, വ്യാപാര കാര്യങ്ങളിൽ അന്തിമ ധാരണയാകുന്നതു വരെ ഇത്തരം കാര്യങ്ങളിൽ അവസാന തീരുമാനമെടുക്കരുതെന്ന നിലപാടാണ് ഡേവിസ് സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ