ബ്രസൽസ് വീണ്ടും ഭീകരാക്രമണ ഭീഷണിയിൽ; കൊല്ലപ്പെട്ട ജിഹാദി മൊറോക്കോ പൗരൻ
Wednesday, June 21, 2017 6:43 AM IST
ബ്രസൽസ്: ഭീകരാക്രമണ ഭീഷണിയിൽ നിന്നു മുക്തമായി വന്ന ബ്രസൽസിന് വീണ്ടും പ്രഹരം. ചാവേർ അക്രമി എന്നു കരുതപ്പെടുന്നയാൾ സിറ്റി സെന്‍റർ റെയിൽവേ സ്റ്റേഷനിൽ ബെൽറ്റ് ബോംബുമായി ഭീഷണി മുഴക്കിയത് മൊറോക്കോ പൗരനെന്ന് പോലീസ്.

അല്ലാഹു അക്ബർ എന്ന് ഇയാൾ ഇടയ്ക്കിടെ വിളിച്ചു പറഞ്ഞിരുന്നു. ബോംബ് പൊട്ടിക്കുമെന്ന ഭീഷണിക്കിടെ സൈനികർ 36കാരനായ ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു. അതിനു മുൻപു തന്നെ സ്വയം പൊട്ടിത്തെറിക്കാൻ ഇയാൾ നടത്തിയ ശ്രമം വിജയിച്ചില്ല. ഗ്യാസ് നിറച്ച ആണി മാതൃകയിലുള്ള ബെൽറ്റ് ബോംബാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.

സ്വന്തം ശരീരത്തിൽ ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഇയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, ട്രോളിയിലെ സ്യൂട്ട്കേസിലാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്ന് പോലീസ് അനുമാനിച്ചതെങ്കിലും ബെൽറ്റ് ബോംബായിരുന്നു. കഴിഞ്ഞ രാത്രി ഒന്പതോടെയായിരുന്നു സംഭവം.

ഇയാൾക്കൊപ്പം വേറെയും ഭീകരർ ഉണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മേഖലയിലെ തിരക്കേറിയ സ്ഥലങ്ങളെല്ലാം പെട്ടെന്നു തന്നെ ഒഴിപ്പിച്ചു. സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഗ്രാൻഡ് പാലസിലും ആക്രണമുണ്ടാകാമെന്ന് ഭീതി പരന്നിരുന്നു. ഇതോടെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പൊതുസ്ഥലത്തും സുരക്ഷാ നടപടികൾ പോലീസ് ശക്തമാക്കി. 2015 ലും 2016 ലും നടന്ന ഭീകരാക്രമണത്തിൽ നിരവധയാളുകൾക്ക് ജീവഹാനി സംഭവിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ