വേദനിക്കുന്നവർക്ക് കൈത്താങ്ങുമായി വയനാട്ടുകാർ സംഗമം അവിസ്മരണീയമാക്കി
Wednesday, June 28, 2017 7:55 AM IST
ബർമിംഗ്ഹാം: ബർമിംഗ്ഹാമിൽ നടന്ന 'വയനാട് സംഗമം 2017 'വേദനിക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യവുമായി മുന്നോട്ട് എന്ന ആശയവുമായി സമാപിച്ചു. കഴിഞ്ഞ ഒരു വർഷമായി തുടങ്ങിവെച്ച ചാരിറ്റി പ്രവർത്തനങ്ങളുടെ വിജയം കാണാനായതിന്‍റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ആറാമത് സംഗമത്തിൽ തുടങ്ങിവെച്ച വയനാട്ടിലെ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് അത്യാവശ്യമായ ആംബുലൻസ് ഫണ്ട് സ്വരൂപീകരിക്കുന്ന തിരക്കിലായിരുന്നു ഇംഗ്ലണ്ടിലെ വയനാട്ടുകാർ.

||വീട്ടിൽ അവശനിലയിൽ, മാറാരോഗത്താൽ കിടക്കുന്ന രോഗികളെ ശുശ്രൂഷിക്കുന്ന വളണ്ടിയേഴ്സിന് ഒരു ആംബുലൻസ് വാഹനം എന്ന ലക്ഷ്യവുമായി തങ്ങളെ സമീപിച്ചു പെയിൻ ആന്‍റ് പാലിയേറ്റീവ് ചാരിറ്റിക്ക് സ്വന്തമായൊരു വാഹനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കഴിഞ്ഞ ഒരുവർഷം കൊണ്ട് വയനാട് സംഗമം പൂർത്തീകരിച്ചത്. എണ്ണായിരത്തിലധികം പൗണ്ടാണ് അംഗങ്ങൾക്കിടയിൽ നിന്നും സംഭാവനയായി സ്വീകരിക്കുവാൻ സാധിച്ചത്. ജൂലൈ 28ന് മാനന്തവാടിയിൽ വച്ചു വാഹനം സൊസൈറ്റിക്ക് കൈമാറും. വയനാട് ജില്ലയിൽ മുഴുവൻ പ്രവർത്തനമേഖലയുള്ള ചാരിറ്റി സംഘടന വീടുകൾ തോറും ചെന്നു രോഗികളെ ശൂശ്രൂഷിക്കുന്നവരാണ്. സേവനസന്നദ്ധരായി 80ഓളം വാളണ്ടിയേഴ്സാണ് പ്രതിഫലം പറ്റാതെ സേവനം അനുഷ്ഠിക്കുന്നത്.

ഏഴാമത് വയനാട് സംഗമം ചെയർമാൻ രാജൻ വർഗീസിന്‍റെ അധ്യക്ഷതയിൽ നാട്ടിൽ നിന്നും വന്നിട്ടുള്ള മാതാപിതാക്കൾ ചേർന്നു ഉദ്ഘാടനം ചെയ്തു. പിആർഒ ബെന്നി പെരിയപ്പുറം സ്വാഗതവും സജി രാമച്ചനാട്ട് നന്ദി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി കലാമത്സരങ്ങളും നടന്നു.

റിപ്പോർട്ട്: ബെന്നി വർക്കി പെരിയപ്പുറം