സാനിട്ടറി നാപ്കിന് 12% നികുതി; ബംഗളൂരുവിൽ പ്രതിഷേധം പുകയുന്നു
Tuesday, July 11, 2017 1:34 AM IST
ബംഗളൂരു: സ്ത്രീകൾക്കുള്ള സാനിട്ടറി നാപ്കിന് 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രനടപടിക്കെതിരേ ബംഗളൂരുവിൽ വ്യാപക പ്രതിഷേധം. വിവിധ വനിതാ സംഘടനകൾ, ഗൈനക്കോളജിസ്റ്റുകൾ, എൻജിഒകൾ എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധപരിപാടികളാണ് നടക്കുന്നത്. മിക്കയിടങ്ങളിലും പ്രതിഷേധ മാർച്ചുകൾ നടന്നു. ’എന്‍റെ പീരിയഡിന് നികുതി ചുമത്തരുത്’ എന്ന പേരിൽ ഓണ്‍ലൈൻ കാംപയിനും സജീവമായി നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വനിതകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ ആയ ജനവേദി മഹിളാ സംഘടനെയുടെ നേതൃത്വത്തിൽ ഗുൽബർഗയിൽ വൻ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അവശ്യവസ്തുവായി കണക്കാക്കേണ്ടതിന് നികുതി ചുമത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു. കുങ്കുമത്തിനും വളകൾക്കും നികുതിയില്ല, പക്ഷേ അവ ഒഴിവാക്കാൻ കഴിയുന്ന വസ്തുക്കളാണ്. എന്നാൽ ആർത്തവം അത്തരത്തിൽ ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ലെന്നും ജീവശാസ്ത്രപരമാണെന്നും ജനവേദി മഹിളാ സംഘടനെ വക്താവ് കെ.എസ്. വിമല പറഞ്ഞു.

സാനിട്ടറി നാപ്കിനുകൾക്ക് നികുതി ഈടാക്കുന്നത് അനാരോഗ്യമായ പ്രവണതകൾക്ക് ഇടയാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഒബ്സറ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ മുൻ പ്രസിഡന്‍റ് ഡോ. ഹേമ ദിവാകർ പറഞ്ഞു. ഗ്രാമീണ മേഖലകളിൽ മിക്ക വീടുകളിലും കുടിക്കാനോ കുളിക്കാനോ പോലും ആവശ്യത്തിന് വെള്ളമില്ലെന്നും ഇവിടങ്ങളിലെ സ്ത്രീകൾക്ക് നാപ്കിൻ അനിവാര്യമാണെന്നും ഡോ. ഹേമ പറഞ്ഞു.