യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
Sunday, September 17, 2017 1:53 AM IST
ബ്രിസ്റ്റോൾ: യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം കെങ്കേമമായി. യുബിഎംഎ അംഗങ്ങളുടെ വീട്ടിൽ പാകം ചെയ്ത വിഭവങ്ങളൊരുക്കിയായിരുന്നു ഓണാഘോഷം. രണ്ടു തരം പായസവും 24 കൂട്ടം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ഏവർക്കും ആസ്വാദ്യകരമായിരുന്നു.

സൗത്ത് മീഡിലെ കമ്മ്യൂണിറ്റി സെന്‍ററിൽ രാവിലെ 11.30നാണ് ഓണാഘോഷപരിപാടികൾ ആരംഭിച്ചത്. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ചിട്ടയായ അസോസിയേഷൻ അംഗങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ടും ആഘോഷം ഏറെ മികവുറ്റതായി. മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സോണിയ, ബീന, ബിൻസി, ജിജി,സിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണപ്പൂക്കളം ഒരുക്കിയത്.നെറ്റിപ്പട്ടവും, തെങ്ങിൻ പൂക്കുലയും ഉൾപ്പെടെ ഒരുക്കി ഒരു പ്രൊഫഷണൽ ടച്ചിൽ തന്നെയാണ് സംഘം പൂക്കളമിട്ടത്.



അതിമനോഹരമായ പൂക്കളത്തിനു ബ്രിസ്ക പൂക്കള മത്സര ജഡ്ജിങ് കമ്മിറ്റിയംഗങ്ങൾ വിലയിരുത്തി മാർക്കിട്ടു. ഓണസദ്യക്ക് ശേഷം കലാപരിപാടികളും മറ്റു ആരംഭിച്ചു. കുട്ടികൾക്കായി കസേര കളിയും, അപ്പം കടി മത്സരവും, തവളച്ചാട്ടവും ഒക്കെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനു ശേഷം പൊതുസമ്മേളനം ആരംഭിച്ചു. യുബിഎംഎ പ്രസിഡന്‍റ് ജെയ് ചെറിയാൻ ഓണാഘോഷപരിപാടികളിലേക്കു എല്ലാവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന് മലയാളി മങ്കമാരുടെ നേതൃത്വത്തിൽ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. എല്ലാവർക്കും മഹാബലി ഓണാശംസകൾ നേർന്നു. അതിനു ശേഷം മഹാബലിയും നാട്ടിൽ നിന്നെത്തിയ യുബിഎംഎ അംഗങ്ങളുടെ മാതാപിതാക്കളും ചേർന്നു നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്‍റെ ഉത്ഘാടനം നിർവഹിച്ചു. യുബിഎംഎ അംഗങ്ങളായ വനിതകൾ അണിയിച്ചൊരുക്കിയ മനോഹരമായ തിരുവാതിര അരങ്ങേറി.

ഓണപ്പാട്ടും ഓണക്കളികളും ആവേശമുണർത്തിയ നിമിഷങ്ങളാണ് പിന്നീട് വേദിയിലെത്തിയത്. യുബിഎംഎ ഡാൻസ് സ്കൂളിലെ കൊച്ചു കലാകാരികളും കലാകാര·ാരും യുബിഎംഎ അംഗങ്ങളുടെ മക്കളും അവതരിപ്പിച്ച നയനമനോഹരമായ കലാപരിപാടികൾ അരങ്ങേറി. യുബിഎംഎ ഡാൻസ് സ്കൂൾ ടീച്ചർ ജിഷ മധുവിന്‍റെ കൊറിയോഗ്രാഫിയിൽ വേദിയിൽ കുട്ടികൾ കളിച്ച ഫ്യൂഷൻ ഡാൻസ് ഏറെ കയ്യടി നേടി. ഇത് കൂടാതെ വേദിയിൽ അരങ്ങേറിയ യുബിഎംഎയുടെ ബോയ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സജി, പ്രമോദ് പിള്ള , ജിഷ മധു തുടങ്ങിയവർ അവതരിപ്പിച്ച ഗാനങ്ങൾ , ഗ്രൂപ്പ് സോങ്ങുകൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

വേദിയിൽ കുട്ടികളുടെ മികച്ച പ്രകടനങ്ങൾ ആരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ജാക്സണ്‍ ജോസഫ്,ബിൻസി ജെയ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയിരുന്നു. മിനറ്റ് സിബി ,അനറ്റ് സിബി തുടങ്ങിയവർ അവതാരകരും. യുബിഎംഎ സെക്രട്ടറി ബിജു പപ്പാരിൽ എല്ലാവർക്കും നന്ദി പറഞ്ഞു. മത്സരങ്ങളിൽ വിജയികളായവർക്കു സമ്മാനങ്ങൾ നൽകി.

വാർത്ത ജെഗി ജോസഫ്