ലണ്ടനിലെ ഓണം പടിയിറങ്ങി
Saturday, October 7, 2017 8:07 AM IST
ലണ്ടൻ: ഓരോ മലയാളികളുടെയും മനസിൽ ഗൃഹാതുരത്വം ഉണർത്തിയാണ് ഈ വർഷത്തെ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങിയത്. കേരളത്തിന്‍റെ തനതു പാരന്പര്യ ശൈലിയിൽ ക്രോയിഡോണിൽ നടന്ന ഓണാഘോഷം ബ്രിസ്റ്റോൾ ഡെപ്യൂട്ടി മേയർ ടോം ആദിത്യ, ഹിന്ദു ഐക്യവേദിയുടെ മുതിർന്ന അംഗങ്ങൾ, അശോക് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്നു ഒരു മണിക്കൂറോളം ഭജനയും കീർത്തനാലാപനവുമായി അന്തരീക്ഷം ഭക്തിസാന്ദ്രമായി.

മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകൾ ശ്രീകൃഷ്ണ സ്തുതികൾക്കനുസൃതമായി കൃഷ്ണരാധ സങ്കല്പത്തിൽ ചുവടുകൾ വെച്ചപ്പോൾ ഒരുനിമിഷം വേദി അന്പാടിയായി തീർന്നു. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ കേരളശൈലിയിലുള്ള തനതായ വേഷ പകർച്ച ഏവരുടെയും മനംകവരുന്നതായിരുന്നു. തുടർന്നു വേദിയിൽ ഗോകുലനിലയ എന്നു തുടങ്ങുന്ന കീർത്തനത്തിനു, ഭരതനാട്യ നൃത്ത ചുവടുകളുമായി ശ്രദ്ധ വിവേക് ഉണ്ണിത്താൻ അരങ്ങിലെത്തിയപ്പോൾ അനുവാചക ഹൃദയം ഭക്തിയുടെ ആനന്ദത്തിൽ എത്തി.

മുന്ന് രീതികളിലും ശൈലിയിലുമുള്ള തിരുവാതിര നൃത്തചുവടുകളുമായി വനിതകളുടെ സംഘം അരങ്ങുണർത്തി. ലാസ്യനടനത്തിന്‍റെ പദമൂന്നിയ തിരുവാതിരകളി, രൂപത്തിലും താളത്തിലും പുതുമ പകരുന്നതായിരുന്നു. തുടർന്നു ലണ്ടനിലെ അനുഗ്രഹീത കലാകാരനായ രാജേഷ് രാമനും മകൾ ലക്ഷ്മി രാജേഷും സംഗീതവുമായി ഗുരുവായൂരപ്പന്‍റെ സന്നിധിയിലെത്തി.

മഹാകവി കുഞ്ചൻ നന്പ്യാരുടെ സ്മരണകൾ ഉണർത്തി ക്ഷേത്രകലയായ ഓട്ടൻതുള്ളൽ വേദിയിൽ അരങ്ങേറിയത് ഈ വർഷത്തെ ഓണാഘോഷത്തെ വിശേഷാനുഭവമാക്കി മാറ്റി. പുതുതലമുറക്കു അത്ര പരിചിതമല്ലാത്ത ഓട്ടൻതുള്ളൽ എന്ന കേരളീയ നൃത്യനാട്യ കലാരൂപം അതിന്‍റെ ഉപാസകനായ ഡോ.അജിത് കർത്ത, നർമ്മവും ചിന്തകളുമായി കല്യാണ സൗഗന്ധികം എന്ന മഹാഭാരത കഥ വേദിയിലെത്തിച്ചു. ഇത്തരം കലാരൂപങ്ങൾ ഇന്നു നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം പങ്കുവച്ചു. ചടങ്ങിൽ വെസ്റ്റ് ഇംഗ്ലണ്ടിലെ പോലീസ് ബോർഡിന്‍റെ വൈസ് ചെയര്മാൻ കൂടിയായ കൗണ്‍സിലർ ടോം ആദിത്യ ആദരിച്ചു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കോ ഓർഡിനേഷൻ മിനിസ്റ്റർ എ.എസ് രാജൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. തമിഴ്നാട്ടിൽ ജനിക്കുകയും വളരുകയും ചെയ്തെങ്കിലും തനിക്കു കേരളവുമായുള്ള അടുപ്പം അദ്ദേഹം തുറന്നു പറഞ്ഞു. മലയാളികളുടെ സ്നേഹത്തോടു കൂടിയ അടുപ്പവും കേരളീയ ഭക്ഷണത്തിന്‍റെ രുചിയും അദ്ദേഹത്തിന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്നു. മനുഷ്യ നിർമ്മിത വേലികെട്ടുകൾക്കപ്പുറം സാഹോദര്യത്തിന്‍റെ പൊൻപ്രകാശമായി ചടങ്ങിൽ ബ്രിസ്റ്റോളിൽ നിന്നും എത്തിയ ഡെപ്യൂട്ടി മേയർ ടോം ആദിത്യയെയും, ക്രോയ്ഡോണ്‍ മുൻ മേയർ കൗണ്‍സിലർ മഞ്ജു ഷാഹുൽ ഹമീദിനെയും മിനിസ്റ്റർ രാജൻ ശ്ശാഘിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സ്നേഹവലയത്തിൽ എല്ലാവരും ഒന്നിച്ചു അണിനിരക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അദ്ദേഹത്തോടൊപ്പം പത്നി ശശിരേഖയും ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തു.

കൗണ്‍സിലർ ടോം ആദിത്യ ഓണസന്ദേശം നൽകി. ഓണം കേരളത്തിന്‍റെ ദേശിയ ഉത്സവം മാത്രമല്ല, കേരളീയരുടെ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും, ആത്മാഭിമാനത്തിന്‍റെയും ആഘോഷമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രോയ്ഡോണ്‍ മുൻ മേയർ കൗണ്‍സിലർ മഞ്ജു ഷാഹുൽ ഹമീദ് ആംശസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ കൗണ്‍സിലർ മഞ്ജു ഇന്ത്യൻ ഹൈക്കമ്മീഷൻ മിനിസ്റ്റർ എ.എസ് രാജനെ ഹിന്ദു ഐക്യവേദിക്കു വേണ്ടി പൊന്നാട അണിയിച്ചു ആദരിച്ചു.

സത്യം ശിവം സുന്ദരം എന്ന ഭജൻവേദിയിൽ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ ധന്യമാക്കി. കണ്ണൻ രാമചന്ദ്രനും ഡയാന അനിൽകുമാറും പരിപാടികൾക്ക് അവതാരകരായി നേതൃത്വം നൽകി. കലാപരിപാടികൾക്ക് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും കുട്ടിയുടെ ചോറൂണും കർമ്മങ്ങളും നടന്നു. ഹിന്ദുഐക്യവേദിയുടെ അംഗങ്ങൾ ചേർന്നു തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഹിന്ദു ഐക്യവേദി ചെയർമാൻ ടി. ഹരിദാസിന്‍റെ ക്ഷണപ്രകാരം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (കോണ്‍സുലാർ) രാമസ്വാമി ബാലാജി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സമൂഹത്തിന്‍റെ വിവിധ തലത്തിൽ പ്രവൃത്തിക്കുന്ന നിരവധി പ്രമുഖരും ഓണാഘോഷത്തിൽ പങ്കെടുത്തു.

ഹിന്ദു ഐക്യവേദിയുടെ മുഴുവൻ അംഗങ്ങളുടെയും സഹകരണവും ആത്മാർഥമായ പ്രവർത്തനങ്ങളും ഓണാഘോഷത്തിന് വിജയമേകി.

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ അടുത്തമാസത്തെ സംഗമം ദീപാവലിയായിട്ടാണ് ആഘോഷിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ