ബ്രെക്സിറ്റ് ചർച്ചകളിൽ പുരോഗതി തേടി യൂറോപ്യൻ നേതാക്കൾ
Saturday, October 21, 2017 8:47 AM IST
ബ്രസൽസ്: വഴി മുട്ടി നിൽക്കുന്ന ബ്രെക്സിറ്റ് ചർച്ചകൾക്ക് വേഗം കൂട്ടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മേൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മർദം.

ചർച്ച പുരോഗമിക്കണമെങ്കിൽ, സാന്പത്തിക കാര്യങ്ങളിൽ യുകെയുടെ നിലപാട് ഇനിയും വളരെയേറെ വ്യക്തമാകാനുണ്ടെന്നാണ് ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട് പറഞ്ഞത്. പ്രതീക്ഷയുടെ സൂചനകളുണ്ടെങ്കിലും ഇതുവരെയുള്ള പുരോഗതി തീരെ അപര്യാപ്തമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.ഡിസംബറോടെ ചർച്ചകളിൽ വഴിത്തിരിവ് കാണാനാവുമെന്ന പ്രതീക്ഷയും മെർക്കൽ പ്രകടിപ്പിക്കുന്നു. ചർച്ചകളിലെ പുരോഗതി അപര്യാപ്തമെന്ന് യുകെയുടെ അഭാവത്തിൽ ചേരുന്ന യൂറോപ്യൻ യൂണിയൻ യോഗം ഒൗപചാരികമായി പ്രഖ്യാപിക്കും. ഇതോടെ രണ്ടാം ഘട്ടത്തിലുള്ള വ്യാപാര ചർച്ചകൾ നീളുമെന്നുറപ്പായി.

വ്യാപാര ചർച്ചകൾ എത്രയും വേഗം തുടങ്ങണമെന്നാണ് യുകെയുടെ ആവശ്യം. എന്നാൽ, പൗരൻമാരുടെ അവകാശങ്ങൾ, യുകെയുടെ സാന്പത്തിക ബാധ്യതകൾ, വടക്കൻ അയർലൻഡുമായുള്ള അതിർത്തി എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താതെ വ്യാപാര ചർച്ച തുടങ്ങാനാകില്ലെന്ന ഉറച്ച നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ