ഇന്ത്യക്കാരൻ അന്താരാഷ്ട്ര കോടതിയിൽ ജഡ്ജി
Wednesday, November 22, 2017 1:22 PM IST
ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി ഇന്ത്യാക്കാരനായ ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയും ബ്രിട്ടന്‍റെ ക്രിസ്റ്റഫർ ഗ്രീൻവുഡുമാണ് അവസാനവട്ട മത്സരത്തിനുണ്ടായിരുന്നത്. നേരത്തേ 11 തവണ യുഎൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. പൊതുസഭയിൽ 193ൽ 183 ഉം രക്ഷാസമിതിയിൽ 15 എന്നുള്ള മുഴുവൻ വോട്ടുകളും ഇന്ത്യ നേടിയത് ചരിത്ര സംഭവമായി. രക്ഷാസമിതിയിൽ ബ്രിട്ടനൊപ്പം സ്ഥിരാംഗങ്ങളായ അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് എന്നിവർ ഗ്രീൻ വുഡിനെ പിന്തുണച്ചപ്പോൾ മറ്റു രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു.

ഭണ്ഡാരിക്ക് ആകെയുള്ള 193 പേരിൽ 70 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോൾ 50 പേരാണ് ഗ്രീൻവുഡിനെ പിന്തുണച്ചത്. പൊതുസഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീൻവുഡിന്‍റെ പി·ാറ്റം. സമ്മർദങ്ങൾക്കു വഴങ്ങാതെ നിന്ന ഇന്ത്യയുടെ നശ്ചയദാർഢ്യത്തിനു മുന്പിൽ ബ്രിട്ടൻ മുട്ടുമടക്കുകയായിരുന്നു.

1945 ൽ രൂപീകൃതമായ രാജ്യാന്തര നീതിന്യായ കോടതിയിയുടെ ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടന് ഹേഗിൽ ഒരു ജഡ്ജിയില്ലാതാകുന്നത്. യുഎൻ രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗം ജഡ്ജി മത്സരത്തിൽ ഒരു അസ്ഥിര അംഗത്തോട് അടിയറവു പറയുന്നതും ഇതാദ്യമാണ്. മൂന്നു വർഷം കൂടുന്പോൾ അഞ്ചു പേർ വിരമിക്കുകയാണ് കോടതിയുടെ ചട്ടം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ