നോട്ടിംഗ്ഹാമിൽ വിശ്വാസപരിശീലന വർഷം ഉദ്ഘാടനം ചെയ്തു
Saturday, December 2, 2017 4:06 PM IST
നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ നിർദേശാനുസരണം നോട്ടിംഗ്ഹാമിൽ കുട്ടികളുടെ വർഷം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിജു കുന്നക്കാട്ട്, വിശ്വാസ പരിശീലന പ്രധാനധ്യാപകൻ ജോർജ്കുട്ടി തോമസ് ചെറുപറന്പിൽ, മാതാപിതാക്കളെ പ്രതിനിധികളായി ബേബി കുര്യാക്കോസ്, ബിൻസി ബേബി, വിദ്യാർഥികളുടെ പ്രതിനിധിയായി റിയ ജയിംസ്, ആബേൽ പ്രസാദ് എന്നിവർ തിരി തെളിച്ചു വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു.

തുടർന്നു നടന്ന വിശുദ്ധ കുർബാനക്കും മറ്റു തിരുക്കർമങ്ങൾക്കും ഫാ. ബിജു കുന്നക്കാട്ട് നേതൃത്വം നൽകി. വിശ്വാസ പരിശീലനം വിശ്വാസ സമൂഹത്തിന്‍റെ മുഴുവൻ കൂട്ടായ ഉത്തരവാദിത്വമാണെന്ന് കുർബാനമധ്യേ വായിച്ച മാർ സ്രാന്പിക്കലിന്‍റെ ഇടയലേഖനത്തിൽ പറഞ്ഞു. ശുശ്രൂഷകളിൽ കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, വിശ്വാസപരിശീലകർ, വിമെൻസ് ഫോറം പ്രതിനിധികൾ, വാർഡ് ലീഡേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ കുട്ടികളുടെ വർഷം ഉദ്ഘാടനം ചെയ്യുപ്പെടും. തുടർന്നുവരുന്ന വർഷങ്ങളിൽ യുവജനങ്ങൾ, ദന്പതികൾ, കുടുംബങ്ങൾ, ഇടവകകൂട്ടായ്മകൾ എന്നീ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. നവംബറിൽ മിഡ് വെയിൽസിൽ നടന്ന രൂപത പ്രതിനിധികളുടെ സമ്മേളനത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങൾ.