കുർസ് ബർലിനിൽ; ആദ്യകൂടിക്കാഴ്ചയിൽ തന്നെ കല്ലുകടി
Friday, January 19, 2018 12:28 AM IST
ബർലിൻ: ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസും ജർമൻ ചാൻസലർ ആംഗല മെർക്കലും തമ്മിൽ ബർലിനിൽ നടന്ന ആദ്യകൂടിക്കാഴ്ചയിൽ തന്നെ കല്ലുകടി. കുടിയേറ്റ വിഷയത്തിലാണ് ഇരുവരും കൊന്പുകോർത്തത്.

അഭയാർഥികളെ യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങൾ ക്വോട്ട അടിസ്ഥാനത്തിൽ വീതിച്ച് സ്വീകരിക്കാനുള്ള തീരുമാനം ഓസ്ട്രിയ നിരാകരിച്ചതാണ് മെർക്കലിനെ ചൊടിപ്പിച്ചത്. ചർച്ചയിൽ കുടിയേറ്റ വിഷയം തന്നെയാണ് ഏറ്റവും കൂടുതൽ സമയം അപഹരിച്ചതെന്ന് കുർസ് പിന്നീട് പ്രതികരിച്ചു.

അതിർത്തി സംരക്ഷണവും അഭയാർഥികൾ വരുന്ന രാജ്യങ്ങൾക്ക് കൂടുതൽ സഹായം നൽകലുമാണ് പ്രശ്ന പരിഹാരമെന്നു താൻ ഉറച്ചു വിശ്വസിക്കുന്നതായും കുർസ്. ഇതിനോടു യോജിക്കുന്പോൾ തന്നെ, ഇതിനകം വന്നു ചേർന്ന അഭയാർഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും വ്യക്തമായ ധാരണ വേണമെന്നായിരുന്നു മെർക്കലിന്‍റെ നിലപാട്.

ഓസ്ട്രിയയെ കൂടാതെ ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ അഭയാർഥി ക്വോട്ട സന്പ്രദായത്തോടു മുഖം തിരിച്ചു നിൽക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയെന്ന വിശേഷണമുള്ള കുർസ് ഓസ്ട്രിയയുടെ ചാൻസലറായി സ്ഥാനമേറ്റ ശേഷം ആദ്യമായിട്ടാണ് ജർമനി സന്ദർശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ