യൂറോപ്യൻ ക്നാനായ സംഗമത്തിനു ഒരുക്കങ്ങൾ ആരംഭിച്ചു
Wednesday, February 21, 2018 1:01 AM IST
കാർഡിഫ്: ആറാമത് യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 18നു കാർഡിഫ് സെന്‍റ് ജോണ്‍സ് ക്നാനായ ഇടവകയിൽ വിശുദ്ധ കുർബാനയെ തുടർന്നു സംഗമത്തിനുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. ഇടവക വികാരി ഫാ. സജി ഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏബ്രഹാം ചെറിയാൻ മുരിക്കോലിപ്പുഴ ഡോ. മനോജ് ഏബ്രഹാം എഴുമായിൽ എന്നിവർ കണ്‍വീനർമാരായും ജിജി ജോസഫ് പ്ലാത്തോട്ടം ട്രസ്റ്റിയായും വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു.

ജൂണ്‍ 30 ന് (ശനി) രാവിലെ 8.30 ന് വിശുദ്ധ കുർബാനയെ തുടർന്നു ആരംഭിക്കുന്ന ക്നാനായ സംഗമം വൈകുന്നേരം ആറിനു സമാപിക്കും. ക്നാനായ സമുദായത്തിന്‍റെ പാരന്പര്യങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികളും ക്നാനായ തനിമ വിളിച്ചോതുന്ന സ്വാഗത ഗാനവും ഈ വർഷത്തെ സംഗമത്തിന്‍റെ പ്രത്യേകതകളാണ്. കൂനൻകുരിശ് സമരത്തിനു നേതൃത്വം നൽകിയ ആഞ്ഞിലിമൂട്ടിൽ ഇട്ടി തൊമ്മൻ കത്തനാരുടെ സ്മരണകൾ അനുസ്മരിച്ചുകൊണ്ട് ഈ വർഷത്തെ ക്നാനായ സംഗമം ഒരു ചരിത്രവിജയമാക്കാൻ അണിയറയിൽ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: സജി ഏബ്രഹാം