അഭയാർഥികളെ നാടുകടത്താനുള്ള വിവാദ ബില്ലിന് ഫ്രാൻസിൽ അംഗീകാരം
Friday, February 23, 2018 12:46 AM IST
പാരീസ്: അഭയാർഥികളെ നാടുകടത്താനുള്ള വിവാദ ബില്ലിന് ഫ്രഞ്ച് പാർലമെന്‍റ് അംഗീകാരം നൽകി. ബിൽ പ്രകാരം, അനധികൃതമായി അതിർത്തി കടക്കുന്നത് ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കും. ഇവരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വേഗം കൂട്ടുകയും ചെയ്യും. സംഘർഷ മേഖലകളിൽനിന്നു പലായനം ചെയ്യുന്നവരെ ഉദ്ദേശിച്ചല്ല, സാന്പത്തിക നേട്ടം പ്രതീക്ഷിച്ച് അനധികൃത കുടിയേറ്റം നടത്തുന്നവരെ ഉദ്ദേശിച്ചാണ് പുതിയ ബിൽ എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

അതേസമയം നാടുകടത്തലുകൾ വർധിക്കാൻ ഇതു കാരണമാകുമെന്നു ഭരണപക്ഷത്തെ ചില എംപിമാരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. എന്നാൽ, ബിൽ പൂർണമായും സന്തുലിതമാണെന്നാണ് സർക്കാരിന്‍റെ വാദം.

ബില്ലിന്‍റെ കരട് അവതരിപ്പിച്ചപ്പോൾ തന്നെ മനുഷ്യാവകാശ സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും അർഹരായ അഭയാർഥികൾക്ക് അഭയം കൊടുക്കാനാണ് ഇങ്ങനെയൊരു നടപടിയെന്ന വാദവുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ