യൂറോപ്പ് മലയാളികൾക്ക് എയർ ഇന്ത്യയുടെ ഈസ്റ്റർ സമ്മാനം: ഡൽഹി-കൊച്ചി കണക്ഷൻ ഫ്ളൈറ്റ് ഏപ്രിൽ ആറു മുതൽ
Saturday, March 24, 2018 7:18 PM IST
വിയന്ന: യൂറോപ്പിലെ മലയാളികൾക്ക് പ്രത്യേകിച്ച് ഓസ്ട്രിയയിലെ മലയാളികൾക്ക് എയർ ഇന്ത്യയുടെ ഈസ്റ്റർ സമ്മാനം. വിയന്നയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യയുടെ വിയന്ന - ന്യൂഡൽഹി ഡ്രീംലൈനർ വിമാനത്തിൽ യാത്ര ചെയ്യുന്ന മലയാളികളുടെ ഡൽഹിയിലെ കാത്തിരിപ്പു സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയർ ഇന്ത്യ പുതിയ കണക്ഷൻ ഫ്ളൈറ്റ് ആരംഭിക്കുന്നു.

ഏപ്രിൽ ആറു മുതലാണ് പുതിയ കണക്ഷൻ ഫ്ളൈറ്റ് ആരംഭിക്കുന്നത്. ഡൽഹിയിൽ നിന്നും ഉച്ചകഴിഞ്ഞു 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.10ന് നെടുന്പാശേരിയിൽ എത്തും (അക 512/ ഉഋഘഇഛഗ 1405 1710). ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വിയന്നയിൽ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂഡൽഹിയിൽ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവിൽ മലയാളികൾക്ക് അടുത്ത കണക്ഷൻ ഫ്ളൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂർ കാത്തിരിപ്പുസമയം പകുതിയായി കുറയും.

കഴിഞ്ഞവർഷം നവംബറിൽ നടന്ന വേൾഡ് മലയാളി ഫെഡറേഷന്‍റെ ആഗോളസമ്മേനത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത പാർലമെന്‍റ് അംഗം സുരേഷ്ഗോപിക്കും ഓസ്ട്രിയയുടെ കണ്‍ട്രി മാനേജർ സോണിയ ബെല്ല, എയർപോർട്ട് മാനേജർ രാജശ്രീ സന്തോഷ് എന്നിവർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ തീരുമാനം.

പുതിയ കണക്ഷൻ ഫ്ളൈറ്റ് വരുന്ന വിവരം സുരേഷ്ഗോപി തന്നെയാണ് ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലിനെ അറിയിച്ചത്. വിയന്ന മലയാളികൾക്ക് ഈസ്റ്റർ സമ്മാനമായാണ് പുതിയ കണക്ഷൻ ഫ്ളൈറ്റ് ലഭിച്ചതെന്നു എയർപോർട്ട് മാനേജർ രാജശ്രീ പ്രതികരിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി