ലിവർപൂളിൽ സീറോ മലബാർ സഭക്ക് പുതിയ ദേവാലയം
Saturday, March 24, 2018 7:28 PM IST
ലിവർപൂൾ: ലിവർപൂളിൽ സീറോ മലബാർ സഭാമക്കൾക്ക് സ്വന്തമായി ഒരു ദേവാലയമെന്ന സ്വപ്നം പൂവണിയുന്നു. ലിവർപൂളിലെ “OUR LADY QUEEN OF PEACE”എന്ന ദേവാലയമാണ് മാർച്ച് 25നു (ഞായർ) നടക്കുന്ന ഓശാനയുടെ തിരുക്കർമങ്ങളോടെ സീറോ മലബാർ സഭാമക്കളുടെ പ്രഥമ തിരുക്കർമങ്ങൾക്ക് നാന്ദി കുറിക്കുന്നത്.

1965ൽ പണികഴിക്കപ്പെട്ട ഈ ദേവാലയം ലത്തീൻ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നൽകിയിരിക്കുന്നത്. ഏകദേശം ഒരേക്കറിലേറെ വിസ്തൃതിയിൽ സമാധാനത്തിന്‍റെ രാജ്ഞി എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ദേവാലയത്തിൽ അഞ്ഞൂറിൽ പരം വിശ്വാസികൾക്കു ഒന്നിച്ചു തിരുക്കർമങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. കാർപാർക്കിംഗ്, വൈദിക മന്ദിരം, ഓഡിറ്റോറിയം എന്നിവയും ഈ ദേവാലയത്തോടു ചേർന്നുണ്ട്.

ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്‍റെ അശ്രാന്ത പരിശ്രമവും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കലിന്‍റെ അകമഴിഞ്ഞ പിന്തുണയും ലിവർപൂൾ ആർച്ച് ബിഷപ് ഞല്. ങമഹരീഹാ ങമവീി ന്േ‍റയും ലത്തീൻ കത്തോലിക്കാ സമൂഹത്തിന്‍റെയും അകമഴിഞ്ഞ സഹകരണത്തിന്‍റെ ആകെ തുകയാണ് പുതിയ ദേവാലയം. ജിനോ അച്ചനോടൊപ്പം റോമിൽസ് മാത്യു, പോൾ മംഗലശേരി, ജോ ജോസഫ്, ജോർജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും കമ്മറ്റി അംഗങ്ങളും പ്രവർത്തിച്ചുവരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്‍റെ മംഗളവാർത്താ തിരുനാൾ ദിനം കൂടിയായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ജപമാല സമർപ്പണത്തോടെ ശുശ്രൂഷകൾക്കു തുടക്കം കുറിക്കും. തുടർന്നു ഓശാനയുടെ തിരുക്കർമങ്ങളും നടക്കും. ഒൗപചാരികമായ ഉദ്ഘാടനം മേയ് 12ന് (ശനി) നടക്കും.

വലിയ ആഴ്ചയിലെ തിരുക്കർമങ്ങൾ

പെസഹാ വ്യാഴ്ച വൈകുന്നേരം 4.30നു ആരാധന, 5.30 നു വിശുദ്ധ കുർബാന (കുട്ടികളുടെ കാലു കഴുകൽ, അപ്പം മുറിക്കൽ) തുടർന്നു രാത്രി മുഴുവൻ ആരാധന. ദുഃവെള്ളിയുടെ തിരുക്കർമങ്ങൾ രാവിലെ 9.30 ന് ആരംഭിക്കും. തുടർന്നു ആഘോഷമായ കുരിശിന്‍റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 9.30 നു വിശുദ്ധ കുർബാന (തിരിയും വെള്ളവും വെഞ്ചിരിക്കൽ). ഈസ്റ്റർ കുർബാന ശനിയാഴ്ച രാത്രി എട്ടിന് ആരംഭിക്കും.

വിലാസം: OUR LADY QUEEN OF PEACE CHURCH, LITHERLAND
74 KIRKSTONE R0AD WEST, LITHERLAND, L21 0EQ.

റിപ്പോർട്ട്: തോമസുകുട്ടി ഫ്രാൻസിസ്