ലണ്ടൻ റീജണൽ ക്ലാസ് സ്റ്റീവനേജിൽ റവ. ഡോ. പോളി മണിയാട്ട് വിശുദ്ധ കുർബാന അർപ്പിക്കുന്നു
Friday, April 27, 2018 12:16 AM IST
സ്റ്റീവനേജ്: വിശുദ്ധ കുർബാനയിൽ കൂടുതൽ ആഴമായ ജ്ഞാനം പകർന്ന്, കുർബാന അനുഭവമാക്കിമാറ്റുവാനും സങ്കീർണമായ ദൈവശാസ്ത്രത്തിന്‍റെ അഗാതതയിലേക്കു കൂട്ടിക്കൊണ്ടു പോയി ഗ്രാഹ്യമാക്കുവാനും സഭയെ കൂടുതൽ ശക്തമാക്കുന്നതിനും ഉതകുന്ന വിജ്ഞാനപ്രദമായ പഠന ക്ലാസ് ലണ്ടൻ റീജണൽ സീറോ മലബാർ സമൂഹത്തിനായി സംഘടിപ്പിക്കുന്നു.

ദൈവ ശാസ്ത്ര പണ്ഡിതനും വാഗ്മിയും പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ലിറ്റർജിയിൽ അതീവ അവഗാഹവുമുള്ള റവ.ഡോ. പോളി മണിയാട്ട് ആണ് ക്ലാസുകൾ എടുക്കുന്നത്.

സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറിയും വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ ലിറ്റർജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട്ലോകമെന്പാടും ലിറ്റർജി സംബന്ധമായ ആധികാരികമായ ക്ലാസുകൾ എടുക്കുന്ന വ്യക്തിയുമാണ്.

മേയ് ഒന്നിനു (ചൊവ്വ) വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ക്ലാസുകൾ. സ്റ്റീവനേജ് ബെഡ്വെൽ ക്രസന്‍റിലുള്ള സെന്‍റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിലാണ് ക്ലാസ്.

വിശുദ്ധ കുർബാനയിൽ സ്ഥാപിക്കപ്പെട്ട സഭ ഏറ്റവും സുദൃഢമായി മുന്നോട്ടു പോവുന്നതു വിശുദ്ധബലിയിലൂടെ മാത്രമാണെന്നും അർപ്പിതരായ അജഗണത്തിനു മാത്രമേ സഭയുടെ അനിവാര്യമായ വളർച്ചയെ സ്വാധീനിക്കാനാവൂ എന്നും വിശുദ്ധ കുർബാനയിൽ ആഴമേറിയ പരിജ്ഞാനം ഏവരിലും ഉണ്ടാക്കുകയെന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ ലക്ഷ്യ സാക്ഷാൽക്കാരമാണ് പോളി മണിയാട്ട് നയിക്കുന്ന റീജണൽ പഠന ക്ലാസുകളിലൂടെ വിഭാവനം ചെയ്യുന്നത്.

വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേരുന്ന ഏതൊരു വിശ്വാസിക്കും അനിവാര്യമായ ഉൾക്കാഴ്ചയും, ജ്ഞാനവും പ്രദാനം ചെയ്യുന്ന ഈ അവസരം പ്രയോജനപ്പെടുത്തുവാൻ റീജണൽ തലത്തിലും അല്ലാതെയും ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും സ്റ്റീവനേജ് പാരീഷ് കമ്മിറ്റിയും അറിയിച്ചു.

വിവരങ്ങൾക്ക്: സാംസണ്‍ 07462921022, മെൽവിൻ 07456281428.

വിലാസം: സെന്‍റ് ജോസഫ്സ് ചർച്ച്, ബെഡ്വെൽ ക്രസന്‍റ്, എസ് ജി 1 1 എൽഡബ്ല്യൂ.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ