യൂറോപ്പിൽ വാട്സ്ആപ്പ് ഉപയോഗം: മിനിമം പ്രായപരിധി ഉയർത്തുന്നു
Friday, April 27, 2018 12:30 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 16 വയസായി ഉയർത്തുന്നു. നിലവിൽ ഇതു 13 വയസാണ്. ഡേറ്റ പ്രൈവസി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി മേയ് 25 മുതൽ യൂറോപ്യൻ യൂണിയൻ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ഏഉജഞ) നിയമത്തിന്‍റെ പരിധിയിലാകും.

ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലാണ് വാട്സ്ആപ്പ് ഇപ്പോൾ. ഫെയ്സ്ബുക്ക് നേരിടുന്ന ഡേറ്റ മോഷണ ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള മാർഗങ്ങളിൽ ചിലത് വാട്സ്ആപ്പിനുകൂടി ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, വാട്സ് ആപ്പ് ഉപയോക്താക്കൾക്കു പ്രായപരിധി ഏർപ്പെടുത്തിയാലും ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഫെയ്സ്ബുക്ക് അധികൃതർ വിശദീകരണമൊന്നും നൽകിയിട്ടില്ല. നിലവിൽ യുകെയിൽ 12 മുതൽ 15 വരെ പ്രായമുള്ളവരിൽ മൂന്നിലൊന്നു പേരും വാസ്ആപ്പിൽ സജീവമാണ്. ഫെയ്സ്ബുക്കിനും സ്നാപ്പ്ചാറ്റിനും ഇൻസ്റ്റഗ്രാമിനും യുട്യൂബിനും ശേഷം ബ്രിട്ടീഷ് കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള സമൂഹ മാധ്യമമാണ് വാട്സ്ആപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ