ജിയോ മൊബൈൽ നെറ്റ് വർക്ക് യൂറോപ്പിലേക്ക്
Saturday, May 26, 2018 6:03 PM IST
ഫ്രാങ്ക്ഫർട്ട്: റിലയൻസ് ജിയോ നെറ്റ് വർക്ക് യൂറോപ്പിലും മിഡിൽ ഈസ്റ്റിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. യൂറോപ്യൻ വിപണി ലക്ഷ്യമാക്കി നീങ്ങുന്ന ജിയോ, ആരംഭമെന്നോണം വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലാണ് ചുവടുവയ്ക്കുന്നത്.

കുറഞ്ഞ നിരക്കുകളിൽ ഡാറ്റയും കോൾ ഓഫറുകളും നൽകി ഇന്ത്യൻ വിപണി കീഴടക്കി ജൈത്രയാത്ര തുടരുന്ന ജിയോ എസ്റ്റോണിയയിൽ തുടക്കമിട്ടാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

എസ്റ്റോണിയയിൽ ഇന്ത്യയുടെ ഇ-ഗവേർണൻസ് സംവിധാനം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്ന് അംബാനി പറഞ്ഞു. ഇതിന്‍റെ ഭാഗമായി മുകേഷ് അംബാനി എസ്റ്റൊണിയൻ സർക്കാർ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. റിലയൻസ് 12.20 കോടി രൂപയാണ് ഇവിടെ നിക്ഷേപിക്കുന്നത്.

അധികം താമസിയാതെ ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കും ജിയോ നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്‍റ്സും ഹോൾഡിംഗ്സ് ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.

റിപ്പോർട്ട്: ജോർജ് ജോണ്‍