ഡിജിറ്റൽ സന്പദ് വ്യവസ്ഥയിൽ മുന്നിൽ സ്വീഡൻ
Saturday, May 26, 2018 9:17 PM IST
സ്റ്റോക്ക്ഹോം: ഡിജിറ്റൽ സന്പദ് വ്യവസ്ഥയുടെ കാര്യത്തിൽ ഏറ്റവും വലിയ മുന്നേറ്റം കൈവരിച്ച രാജ്യം സ്വീഡനെന്ന് യൂറോപ്യൻ യൂണിയൻ റാങ്കിംഗ്. ഡെൻമാർക്ക്, ഫിൻലാൻഡ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് സമാന മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളത്. യൂറോപ്യൻ കമ്മീഷന്‍റെ ഡിജിറ്റൽ ഇക്കോണമി ആൻഡ് സൊസൈറ്റി സൂചികയിലാണ് ഈ വിവരങ്ങൾ.

അടിസ്ഥാന ഡിജിറ്റൽ വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണത്തിൽ വന്ന വൻ വർധനയാണ് ഇതിനു പ്രധാന കാരണം. സ്വീഡനിൽ ബഹുഭൂരിപക്ഷം പേരും ആഴ്ചയിലൊരിക്കലെങ്കിലും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരാണ്. തൊഴിലാളി വർഗത്തിനിടയിലും ഇന്‍റർനെറ്റ് ഉപയോഗം കൂടുതലാണ്.

സുപ്രധാനമായ സാന്പത്തിക ഇടപാടുകൾ പോലും ഓണ്‍ലൈനായി നടത്തുന്നതിന് 90 ശതമാനം സ്വീഡൻകാർക്കും ഭയമില്ലെന്നും പഠനത്തിൽ വ്യക്തമാകുന്നു. ഇക്കാര്യത്തിൽ 9 ശതമാനം മാത്രമുള്ള ബൾഗേറിയയാണ് യൂറോപ്പിൽ ഏറ്റവും പിന്നിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ