ജർമനി യുഎൻ സെക്യൂരിറ്റി കൗണ്‍സിൽ അംഗമായി
Saturday, June 9, 2018 9:06 PM IST
ബർലിൻ: അടുത്ത രണ്ടു വർഷത്തേയ്ക്ക് ജർമനി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിൽ അംഗമായി. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ജർമനി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനും മേലെ വോട്ടു നേടിയാണ് ജർമനി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആറാം തവണയാണ് ജർമനി കൗണ്‍സിൽ അംഗമാവുന്നത്. 1973 ലാണ് ജർമനി ആദ്യമായി സെക്യൂരിറ്റി കൗണ്‍സിൽ അംഗമാവുന്നത്.

ലോകസമൂഹത്തിൽ ഒരിക്കൽക്കൂടി ശക്തമായ പ്രവർത്തനം നടത്താൻ ജർമനിയെ തെരഞ്ഞെടുത്തതിന് ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് യുഎൻ അംഗരാജ്യങ്ങൾക്ക് നന്ദി പറഞ്ഞു.

ആകെയുള്ള 19 അംഗങ്ങളിൽ 184 അംഗങ്ങൾ ജർമനിക്ക് വോട്ടുചെയ്തു. ബെൽജിയം, സൗത്ത് ആഫ്രിക്ക, ഡൊമിനിക്കൻ റിപ്പബ്ളിക്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷമാണ് സ്ഥിരാംഗമല്ലാത്ത തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ കാലാവധി.

സ്വീഡൻ, നെതർലാന്‍റ്സ്, എത്യോപ്യ, ബൊളിവിയ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പുറത്തുപോകുന്ന ഒഴിവിലാണ് പുതുതായി അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇനിയും ഒഴിഞ്ഞുകിടക്കുന്ന അഞ്ച് സ്ഥാനങ്ങളിലേയ്ക്ക് ഐവറി കോസ്റ്റ്, ഇക്വഡോർ/ഗിനി, കുവൈറ്റ്, പെറു, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്നീട് തെരഞ്ഞെടുക്കും.

അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങൾ. ഈ അഞ്ചു രാജ്യങ്ങൾക്കും വീറ്റോ അധികാരം നിക്ഷിപ്തമാണ്. ജനറൽ അസംബ്ലിയിലേയ്ക്ക് 10 താത്കാലിക അംഗങ്ങളെ രണ്ടു വർഷത്തെ കാലാവധിയിൽ തെരഞ്ഞെടുക്കും. ഓരോ വർഷവും അഞ്ചു രാജ്യങ്ങൾ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടും. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ച ശക്തമാക്കാനാണ് സെക്യൂരിറ്റി കൗണ്‍സിൽ രൂപീകരിച്ചത്. ഉപരോധം ഏർപ്പെടുത്തുകയും സൈനിക ശക്തിയുടെ ഉപയോഗത്തിന് അംഗീകാരം നൽകുകയും ചെയ്യുന്ന അധികാരമാണ് ഐക്യ രാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിൽ നിക്ഷിപ്തമായ ചുമതല. 1945 ഒക്ടോബർ 24 നാണ് സെക്യൂരിറ്റി കൗണ്‍സിൽ നിലവിൽ വന്നത്. ന്യൂയോർക്കിലാണ് ആസ്ഥാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ