കുവൈത്ത് : കുവൈത്തിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ്. ഓയിൽ ഗ്യാസ്, മറൈൻ ഓഫ്ഷോർ, പെട്രോ കെമിക്കൽ മേഖലകളിലെ പുത്തൻ സാധ്യതകളും, ഭാവിയിൽ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി മറൈൻ ഓഫ്ഷോർ , ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ബഹുരാഷ്ട്ര കന്പനികളും, സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ഏകദിന അന്താരാഷ്ട്ര കോണ്‍ഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ജുമേറിയ മേസില്ലാ ബീച്ച് ഹോട്ടലിലായിരുന്നു കുവൈത്ത് സിന്പോസിയം നടന്നത്തപ്പെട്ടത്. പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കന്പനി സിഇഒ മുൽത്താഖ് അൽ ആസ്മി കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു. ഈ രംഗത്തെ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾക്കു പുറമേ വിവിധ വിഷയങ്ങളിൽ ചർച്ചകളും ഇതോടനുബന്ധിച്ച് നടന്നു . സമുദ്ര കപ്പൽ ഓയിൽ ഗ്യാസ് മേഖലകളിൽ വരും വർഷങ്ങളിൽ സ്വീകരിക്കേണ്ട വ്യാവസായിക നയങ്ങളും, വിപണി സാധ്യതകളും സംബന്ധിച്ച പൊതുധാരണ കോണ്‍ഫറൻസിൽ രൂപപ്പെടുത്തി.
ഹമീദ് അവാദ് അൽ മുറ്ററിൽ, ജമീൽ അൽ അലി, ക്യാപ്റ്റൻ ഡേവിഡ് നിക്കോളാസ്, രാജേഷ് റ്റോർവെ, ബിനോദ് കുമാർ, ഗിൽബെർട് എ. രഘു, വിദ്യ പ്രകാശ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.
ഓയിൽ ഗ്യാസ്, മറൈൻ ഓഫ്ഷോർ രംഗത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന സംരഭകർക്കും, നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അന്താരാഷ്ട്ര കോണ്‍ഫറൻസ് ഏറെ പ്രയോജനപ്രദമായതായി സംഘാടകരായ ബിസ് ഈവന്റ് മാനേജ്മെന്റ് അറിയിച്ചു. ഇന്റർനാഷണൽ മാരിടൈം ക്ലബ് പുരസ്കാരങ്ങളും കോണ്‍ഫറൻസിനോടനുബന്ധിച്ച് വിതരണം ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ