അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്
Friday, January 12, 2018 2:48 PM IST
ന്യൂയോർക്ക്: ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇന്നത്തെ മനുഷ്യന്‍റെ പ്രശ്നം. വി. വേദപുസ്തകം നിറയെ അടയാളങ്ങളുണ്ട്. നാമതു കാണാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ദൈവത്തെ അന്വേഷിച്ച് തിരക്കുന്നവർക്ക് ദൈവം പ്ലാനും പദ്ധതിയും കാട്ടിക്കൊടുക്കും.’’. വെസ്റ്റ് ചെസ്റ്റർ ഏരിയയിലെ ഓർത്തഡോക്സ് പള്ളികളുടെ സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ മുഖ്യാതിഥിയായി സന്ദേശം നൽകി കൊൽക്കൊത്ത ഭദ്രാസനത്തിൽ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ ഫാ. പി.ടി തോമസ് ഉദ്ബോധിപ്പിച്ചു.

പണം, പവർ, എല്ലാം നമുക്കുണ്ട്. ഹവ്വാക്ക് പറ്റിയത് തന്നെയാണ് നമുക്കും പറ്റുന്നത്. ഉള്ളതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല. അനിശ്ചിതത്വമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ദൈവത്തെ തിരിച്ചറിയുവാൻ, ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നില്ല. അടയാളങ്ങളെ കൂട്ടത്തിലുണ്ടായിരുന്നവർക്ക് മനസിലാക്കാൻ സാധിക്കാത്തതുകൊണ്ടാണ് ദൈവത്തിന് പുൽക്കൂട്ടിൽ ജനിക്കേണ്ടിവന്നത്. ആരും സൗകര്യങ്ങൾ ഒരുക്കിയില്ല. നമ്മുടെ പ്രശ്നം അടയാളങ്ങളെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നതാണ്.

യോങ്കേഴ്സിലെ സോൻഡേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ജനുവരി 7 ഞായറാഴ്ച വൈകുന്നേരം നടന്ന 17-ാമതു സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികളിൽ സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ഫാ. ജോർജ് കോശി സ്വാഗതം പറഞ്ഞു. സെന്‍റ് ഗ്രിഗോറിയോസ് പാർക് ഹിൽ ഇടവകയിലെ കുട്ടികളുടെ സ്വാഗത നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. പള്ളികളുടെ സംയുക്ത ക്വയറിന്‍റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ, കാൻഡിൽ ഡാൻസ്, ഡിവോഷണൽ സോംഗ്, സ്കിറ്റ് ഡാൻസ്, ക്രിസ്മസ് കാരൾ, സാന്‍റാ ക്ലോസിന്‍റെ വരവ് തുടങ്ഹിയവയും മനോഹരമായി അവതരിപ്പിക്കപ്പെട്ടു. കാരൾ സംഗീതം, നൃത്തങ്ങൾ, സ്കിറ്റ്, ഭക്തിഗാനങ്ങൾ, കലാപരിപാടികൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. സെന്‍റ്മേരീസ് വൈറ്റ് പ്ലെയിൻസ് ഇടവക (സ്കിറ്റ്), സെന്‍റ് ജോർജ് പോർട്ട് ചെസ്റ്റർ സണ്‍ഡേ സ്കൂൾ(സമൂഹഗാനം), യോങ്കേഴ്സ് സെന്‍റ് തോമസ് ഇടവക (ഗ്രൂപ്പ് ഡാൻസ്), സെന്‍റ് ഗ്രിഗോറിയോസ് ലഡ്ലോ (നൃത്തം), സെന്‍റ് ജോർജ് പോർട് ചെസ്റ്റർ ഇടവക (ഗ്രൂപ്പ് സോംഗ്) തുടങ്ങി വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിലെ കുട്ടികൾ ന്ധവചനം’ ജോണ്‍ ദി ബാപ്റ്റിസ്റ്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നൃത്തം അവതരിപ്പിച്ചു.



പ്രസിഡന്‍റ് ഫാ. ഡോ. ജോർജ് കോശി, വൈസ് പ്രസിഡന്‍റ് ഫാ. നൈനാൻ ടി ഈശോ, ക്വയർ കോ ഓർഡിനേറ്റർ വെരി. റവ. ഫാ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പാ, ഫാ. എ കെ ചെറിയാൻ, ഫാ. പോൾ പീറ്റർ, ഫാ. ഫിലിപ്പ് സി ഏബ്രഹാം, കോഓർഡിനേറ്റർ ജോണ്‍ ഐസക്, സെക്രട്ടറി ഷൈനി ഷാജൻ ജോർജ്, ട്രഷറർ വർഗീസ് ജോർജ്, ജോ. സെക്രട്ടറി അന്നമ്മ വർഗീസ്, ക്വയർ ലീഡർ ജയ കുര്യൻ, യൂത്ത് കോർഡിനേറ്റർ റവ. ഡോ. പ്രദീപ് ഹാച്ചർ, പിആർഒ/ പബ്ലിസിറ്റി കോർഡിനേറ്റർ എം വി കുര്യൻ, ഇന്േ‍റണൽ ഓഡിറ്റർ ജിതിൻ മാലത്ത്, എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം ഇടവക ഭാരവാഹികളും സണ്‍ഡേ സ്കൂൾ, മർത്ത മറിയം, എംജിഒസിഎസ് എം, മെൻസ് ഫോറം എന്നിവരും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു നേതൃത്വം നൽകി.

അഞ്ജലി ടറൻസണ്‍(സെന്‍റ് ജോർജ് പോർട്ട് ചെസ്റ്റർ), റോബർട് മാത്യു(സെന്‍റ് ഗ്രിഗോറിയോസ് ലഡ്ലോ), ക്രിസ്റ്റി കുര്യൻ(സെന്‍റ് ഗ്രിഗോറിയോസ് പാർക് ഹിൽ) എന്നിവർ പരിപാടികളുടെ എംസിമാരായിരുന്നു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ